വാരാണസി: ജ്ഞാൻവാപി സമുച്ചയത്തിൽ നടന്നുകൊണ്ടിരിക്കുന്ന ശാസ്ത്രീയപരിശോധനയിൽ കണ്ടെത്തിയ അടയാളങ്ങളും തെളിവുകളും ക്രോഡീകരിച്ചു സൂക്ഷിക്കണമെന്ന് വാരാണസി ജില്ലാ കോടതി. സർവേയും പഠനവും നടത്തുന്ന പുരാവസ്തു വകുപ്പിനോടായിരുന്നു കോടതിയുടെ ഈ നിർദ്ദേശം. തെളിവുകൾ ജില്ലാ മജിസ്ട്രേറ്റ് കസ്റ്റഡിയിൽ സൂക്ഷിക്കണം. അല്ലെങ്കിൽ അദ്ദേഹം നാമനിർദ്ദേശം ചെയ്യുന്ന ഒരു ഉദ്യോഗസ്ഥന് സംരക്ഷണം ഏറ്റെടുക്കാം.ജില്ലാ ജഡ്ജി അജയ് കൃഷ്ണയുടെതാണ് വ്യാഴാഴ്ച വന്ന ഉത്തരവ്.
സമുച്ചയത്തിൽ കാണുന്ന ഹിന്ദു ക്ഷേത്രത്തിൻറെ തെളിവുകളും അടയാളങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രാഖി സിങ് നൽകിയ അപേക്ഷയിലാണ് വിധി. ഹിന്ദു ആരാധനാ രീതികൾ, ക്ഷേത്രത്തിൻ്റെ ചരിത്രപരവും പുരാവാസ്തുശാസ്ത്രപരവുമായ പ്രാധാന്യം എന്നിവയെല്ലാം ശാസ്ത്രീയപരിശോധന നടത്തിയ തെളിവുകളിൽ ഉണ്ട്. ഈ തെളിവുകൾ കേസിൽ നിർണ്ണായകമാണ്. ജില്ലാ മജിസ്ട്രേറ്റ് അല്ലെങ്കിൽ കസ്റ്റോഡിയൻ ഓഫീസർ ഈ പട്ടിക സുരക്ഷിതമായി സൂക്ഷിക്കണമെന്നും ആവശ്യപ്പെടുമ്പോൾ ഹാജരാക്കണമെന്നും കോടതി നിർദ്ദേശിച്ചു.
സർവേയിൽ ലഭിക്കുന്ന തെളിവുകൾ സൂക്ഷിക്കാൻ പ്രത്യേകമായി ഒരു തെളിവുമുറി തന്നെ വേണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുപക്ഷവും ഒരു അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. സ്ഥലം റിസർവ് ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു. എല്ലാ തർക്കവിഷയങ്ങളും പരിഹരിക്കാൻ കോടതി വ്യക്തമായ വിധി പുറപ്പെടുവിക്കണമെന്നും അപേക്ഷയിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്.
ഈ വർഷം ഓഗസ്റ്റിൽ ജ്ഞാൻവാപിയിൽ സർവേ നടത്തുന്നതിന് അലഹബാദ് ഹൈക്കോടതി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെ അനുവദിച്ചിരുന്നു. സർവേ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ 2023 ഒക്ടോബർ വരെ സമയം അനുവദിച്ചിട്ടുണ്ട്. ആർക്കിയോളജിക്കൽ സർവേ നടത്തുന്ന സർവേയെ ചോദ്യം ചെയ്ത് അഞ്ജുമൻ ഇൻ്റസാമിയ മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
Discussion about this post