ന്യൂഡല്‍ഹി: ഒളിവിലായിരുന്ന ഐഎസ് കൊടും ഭീകരന്‍ അറാഫത്ത് അലി ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് എന്‍ഐഎയുടെ പിടിയിലായി. കെനിയയിലെ നെയ്‌റോബിയില്‍ ഒളിവിലായിരുന്ന ഇയാള്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ശിവമോഗ തീവ്രവാദ ഗൂഢാലോചന കേസിന്റെ മുഖ്യ സൂത്രധാരനാണ് അറാഫത്ത് അലി. വ്യാഴാഴ്ച ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങിയുടനെ തന്നെ എന്‍ഐഎ ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വിദേശ കേന്ദ്രീകൃതമായ ഐഎസ് മൊഡ്യൂളുകളുടെ ഇന്ത്യയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളും ഗൂഢാലോചനകളും കണ്ടെത്താനും പരാജയപ്പെടുത്താനുമുള്ള എന്‍ഐഎയുടെ ശ്രമങ്ങളില്‍ വലിയ വഴിത്തിരിവാകും ഈ അറസ്റ്റെന്ന് എന്‍ഐഎ അറിയിച്ചു.
ശിവമോഗ സ്വദേശിയായ അറാഫത്ത് അലി 2020 മുതല്‍ കെനിയയില്‍ ഒളിവിലായിരുന്നു. ഇയാള്‍ ഐഎസ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതിയിട്ടതായും എന്‍ഐഎ കണ്ടെത്തി. കൂടാതെ വിദേശത്തിരുന്നു കൊണ്ട് തന്നെ ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതില്‍ പ്രധാനിയാണ് ഇയാളെന്നും ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കി. തീവ്ര ഇസ്ലാമിസ്റ്റുകളായ യുവാക്കളെ കണ്ടെത്തി ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നതിലും അറാഫത്ത് സജീവമായിരുന്നു.
ശിവമോഗ ട്രയല്‍ സ്‌ഫോടനക്കേസിലെ പ്രതികളുമായും ഇയാള്‍ക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നതായി എന്‍ഐഎ നേരത്തെ കണ്ടെത്തിയിരുന്നു. മംഗളൂരു കദ്രി മഞ്ജുനാഥ ക്ഷേത്രം തകര്‍ക്കാനായി മുഹമ്മദ് ഷാരിഖ് എന്ന പ്രതി ഓട്ടോയില്‍ കൊണ്ടു പോയ പ്രഷര്‍ കുക്കര്‍ ഐഇഡി അബദ്ധത്തില്‍ വഴിയില്‍ വച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. ഈ കേസിന്റെ ഗൂഢാലോചനയിലും ആസൂത്രണത്തിലും അറാഫത്ത് അലി നേരിട്ട് പങ്കാളിയാണ്.
കൂടാതെ 2020 നവംബര്‍ 27 ന് മംഗളൂരുവില്‍ കാണപ്പെട്ട രണ്ട് തീവ്രവാദ ചുവരെഴുത്തു കേസുകളിലും ഇയാള്‍ക്ക് പങ്കുള്ളതായി തെളിഞ്ഞിട്ടുണ്ട്. ഇയാളുടെ നിര്‍ദ്ദേശപ്രകാരമാണ് ഗ്രാഫിറ്റി കേസുകളില്‍ പ്രതികളായ മുഹമ്മദ് ഷാരിഖും മാസ് മുനീര്‍ അഹമ്മദും ലഷ്‌ക്കര്‍ സിന്ദാബാദ് എഴുത്തുകള്‍ പ്രചരിപ്പിച്ചത്. “സംഘികളെയും മന്‍വേദികളെയും നേരിടാന്‍ ലഷ്‌ക്കറി ത്വയ്ബയെയും താലിബാനെയും ക്ഷണിക്കാന്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കരുത്”, എന്നതായിരുന്നു ചുവരെഴുത്തുകള്‍.
ഇവര്‍ക്കെതിരെ കൂടുതല്‍ വിശദമായ അന്വേഷണങ്ങള്‍ തുടരുകയാണെന്ന് എന്‍ഐഎ അറിയിച്ചു.
Discussion about this post