കാബൂൾ: താലിബാൻ ഭരണമേറ്റെടുത്ത് രണ്ടു വർഷം പിന്നിടുന്ന അഫ്ഗാനിസ്ഥാനിൽ ഭക്ഷ്യപ്രതിസന്ധി രൂക്ഷമാകുന്നു. സാമ്പത്തികത്തകർച്ചയോടൊപ്പം തൊഴിലില്ലായ്മയും ഭക്ഷ്യവസ്തുക്കളുടെ ലഭ്യതക്കുറവും ഉയരുന്ന വിലയും അഫ്ഗാൻ ജനതയെ പട്ടിണിയിലേക്ക് തള്ളിയിടുന്നു. അന്താരാഷ്ട്രസമൂഹം അടിയന്തിരമായി ഇടപെടണം. ഇല്ലെങ്കിൽ കാത്തിരിക്കുന്നത് വൻ മാനുഷിക ദുരന്തമായിരിക്കുമെന്ന് യു എൻ വേൾഡ് ഫുഡ് പ്രോഗ്രാം ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടർ കാൾ സ്കൗ അറിയിച്ചു. വ്യാഴാഴ്ച ബ്രസ്സൽസിൽ നടന്ന യോഗത്തിൽ അഫ്ഗാനിസ്ഥാനിൽ സഹായമെത്തിക്കുന്നതിന് 1.04 ബില്യൺ ഡോളർ ആവശ്യമാണ് എന്നും അദ്ദേഹം അറിയിച്ചു.
അഫ്ഗാനിസ്ഥാനിൽ ശൈത്യകാലം വരാൻ പോകുന്നു. അത് ഭക്ഷ്യപ്രതിസന്ധി രൂക്ഷമാക്കും. മഞ്ഞുകാലം ആരംഭിക്കുമ്പോൾ റോഡിൽ പലയിടത്തും ഗതാഗതം തടസ്സപ്പെടും. അത് പല സ്ഥലങ്ങളിലും ഒറ്റപ്പെട്ടു പോകുന്ന ജനങ്ങളെ ബാധിക്കും. അതിനു മുൻപ് തന്ത്രപ്രധാനമായ പല സ്ഥലങ്ങളിലും ഭക്ഷണം കരുതിവെക്കാനുള്ള സൗകര്യങ്ങൾ ഏർപ്പാടാക്കേണ്ടതുണ്ട്. അതിനാൽ വേണ്ട നടപടികൾ അടിയന്തിരമായി സ്വീകരിക്കണം.
34 ൽ 25 പ്രവിശ്യകളിലും പോഷകാഹാരക്കുറവ് നിശ്ചിതപരിധിക്കും മുകളിലാണ്. വരും നാളുകളിൽ ഇത് കൂടുതൽ വഷളാകും. ഇരുപതു ദശലക്ഷത്തോളം അഫ്ഗാനികൾ പട്ടിണിയിലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2021 ഇൽ താലിബാൻ ഭരണം പിടിച്ചെടുത്ത ശേഷം പാശ്ചാത്യരാജ്യങ്ങൾ സാമ്പത്തികസഹായം നൽകുന്നത് പിൻവലിച്ചിരുന്നു. മറ്റു മേഖലകളിൽ ലഭിച്ചിരുന്ന സഹായവും അതോടെ ഇല്ലാതായി. ഇത് കടുത്ത സാമ്പത്തികപ്രതിസന്ധിയിലേക്ക് രാജ്യത്തെ നയിച്ചു.
Discussion about this post