മുംബൈ : മഹാരാഷ്ട്രയിൽ അസംഘടിത മേഖലയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തൊഴിലാളികൾക്കായി നിർമ്മിക്കപ്പെടുന്നത് മുപ്പതിനായിരം വീടുകളാണ്. പ്രധാനമന്ത്രി ആവാസ് യോജനയുടെ സാമ്പത്തിക സഹായത്തോടെ മഹാരാഷ്ട്ര ഹൗസിംഗ് ആൻഡ് ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റിയാണ് ഈ വീടുകളുടെ നിർമ്മാണം നടത്തുന്നത്. പൂർത്തിയായ വീടുകളുടെ ഉദ്ഘാടനം അടുത്തമാസം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും.
മഹാരാഷ്ട്രയിലെ സോലാപൂരിലെ റായ്നഗറിലാണ് രാജ്യത്തെ തന്നെ ഏറ്റവും വലിയ ഈ ഭവന പദ്ധതി നിർമ്മിക്കപ്പെടുന്നത്. അസംഘടിത മേഖലകളിൽ ജോലിയെടുക്കുന്നവരും പ്രതിവർഷം 3 ലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവരുമായ തൊഴിലാളികൾക്കാണ് ഈ പദ്ധതി വഴി വീട് ലഭിക്കുക. 6 ലക്ഷം രൂപ ചിലവിലാണ് ഓരോ വീടും നിർമ്മിക്കുന്നത്.
അസംഘടിത തൊഴിലാളികൾ, തുണിത്തൊഴിലാളികൾ, ബീഡി തൊഴിലാളികൾ, നിർമാണത്തൊഴിലാളികൾ, റാഗ്പിക്കർമാർ, തയ്യൽ തൊഴിലാളികൾ എന്നിങ്ങനെയുള്ളവരിൽ നിന്നും യോഗ്യതയ്ക്ക് അനുസരിച്ചാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. പദ്ധതിയിൽ ഇതുവരെയായി 15,000 ത്തിലേറെ വീടുകളുടെ നിർമാണം പൂർണമായും പൂർത്തിയായി കഴിഞ്ഞു. അടുത്തമാസം പ്രധാനമന്ത്രി നരേന്ദ്രമോദി വീടുകൾ ഉദ്ഘാടനം ചെയ്യുമെന്ന് മഹാരാഷ്ട്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
Discussion about this post