ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ വായ്പാ ആപ്പുകളെ നിയന്ത്രിക്കുന്നതിനായി രാജ്യത്ത് നിയമനിര്‍മ്മാണം നടത്തുമെന്ന് കേന്ദ്ര ഐടി സഹ മന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഇതിനായി ഡിജിറ്റല്‍ ഇന്ത്യ ആക്ടിനു കീഴില്‍ നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
“പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലുമുള്ള എല്ലാ നിയമ വിരുദ്ധ ആപ്പുകള്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കും. നിലവില്‍ ഐടി നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലിന് പരിമിതികളുണ്ട്. റിസര്‍വ് ബാങ്കുമായി ആലോചിച്ച ശേഷം ഇത്തരം അനുവദനീയമായ ആപ്പുകളുടെ പട്ടിക പുറത്തിറക്കും’, അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കൊച്ചി വരാപ്പുഴയില്‍ ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പിനിരയായി നാലംഗ കുടുംബം ആത്മഹത്യ ചെയ്ത സംഭവത്തിനെ തുടര്‍ന്നാണ് മന്ത്രിയുടെ പ്രതികരണം. കൂട്ട ആത്മഹത്യയ്ക്ക് ശേഷവും കുടുംബത്തെ ഭീഷണിപ്പെടുത്തി വായ്പാ ആപ്പുകാരുടെ സന്ദേശങ്ങള്‍ വരുന്നുണ്ട്. കൂടാതെ കാസര്‍കോട് സ്വദേശിയായ യുവാവ് ഓണ്‍ലൈന്‍ റമ്മി കളിച്ച് പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് തൊടുപുഴയില്‍ തൂങ്ങി മരിച്ച സംഭവവും ഉണ്ടായി. ഇത്തരത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം ദിനം പ്രതി കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ ആപ്പുകാരെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്.
Discussion about this post