ന്യൂഡൽഹി : എൻജിഒകൾ വഴി ജമ്മു കശ്മീരിൽ തീവ്രവാദ പ്രവർത്തനത്തിന് ധനസഹായം നൽകിയെന്ന കേസിൽ ഹിസ്ബുൾ മുജാഹിദ്ദീൻ പ്രവർത്തകൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. പാകിസ്താൻ ആസ്ഥാനമായുള്ള ഹിസ്ബുൾ മുജാഹിദ്ദീൻ പ്രവർത്തകൻ ഗുലാം ഹസൻ ബാന, ജമ്മു കശ്മീർ സിവിൽ സൊസൈറ്റികളുടെ (JKCCS) പ്രോഗ്രാം കോ-ഓർഡിനേറ്റർ ഖുറം പർവേസ്, ഇർഫാൻ മെഹ്‌രാജ് എന്നിവരെ മുഖ്യപ്രതികളാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.
കശ്മീരിലെ നിരോധിത ഭീകര സംഘടനകൾക്ക് ധനസഹായം നൽകുന്നതിനായി വിവിധ എൻജിഒകൾ, ട്രസ്റ്റുകൾ, സൊസൈറ്റികൾ, ക്ഷേമ സംഘടനകൾ എന്നിവയെ ഉപയോഗിച്ചതായാണ് എൻഐഎ കുറ്റപത്രത്തിൽ പറയുന്നത്. ഈ എൻജിഒകൾ ഇന്ത്യയിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും സംഭാവനകൾ സ്വീകരിച്ചിരുന്നു. മതപരമായും ജീവകാരുണ്യ പ്രവർത്തനങ്ങളുമായും ബന്ധപ്പെട്ടുള്ള വലിയ സാമ്പത്തിക സഹായങ്ങൾ ഇവർക്ക് വിവിധ വിദേശരാജ്യങ്ങളിൽ നിന്നും ലഭിച്ചിരുന്നു.
കശ്മീരിൽ സൈന്യത്തിനെതിരെ കല്ലേറ് നടത്തുന്നതടക്കമുള്ള രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഇവർ ഈ പണമാണ് ഉപയോഗിച്ചിരുന്നത്. കശ്മീരിൽ കൊല്ലപ്പെട്ട തീവ്രവാദികളുടെ കുടുംബങ്ങൾക്കും ഇവർ പണം നൽകിയതായി എൻഐഎ കണ്ടെത്തിയിരുന്നു. ജമ്മു കശ്മീർ അഫ്‌റ്റീസ് റിലീഫ് ട്രസ്റ്റ്, ഫലാ-ഇ-ഇൻസാനിയത്ത് ഫൗണ്ടേഷൻ, ഫലാ-ഇ-ട്രസ്റ്റ്, ദാറുൽ ഖൈർ ട്രസ്റ്റ്, ജെകെ യൂത്ത് സിവിൽ സൊസൈറ്റികൾ, ജെ&കെ. യതീം ഫൗണ്ടേഷൻ, ഇഖ്ബാൽ മെമ്മോറിയൽ ട്രസ്റ്റ്, അഞ്ജുമാൻ-ഇ-ഷാരി-ഷൈൻ എന്നീ എൻജിഒകൾ വഴിയാണ് കശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയിരുന്നത് എന്നാണ് എൻഐഎ കണ്ടെത്തിയിട്ടുള്ളത്.
Discussion about this post