പൂനെ: സനാതന ധർമ്മത്തെ നശിപ്പിക്കാൻ ശ്രമിച്ചവർ ഒന്നൊഴിയാതെ പരാജയപ്പെട്ടു എന്നത് ചരിത്ര സത്യമാണെന്ന് ആർ എസ് എസ് ജോയിന്റ് ജനറൽ സെക്രട്ടറി മന്മോഹൻ വൈദ്യ. ഇംഗ്ലീഷിലെ Religion(മതം) എന്ന വാക്കിൽ ഒതുക്കാവുന്നതല്ല ഭാരതീയ ചിന്താധാര പ്രകാരം ധർമ്മം എന്ന ആശയമെന്നും അദ്ദേഹം പറഞ്ഞു.
ധർമ്മം എന്നാൽ മതമല്ല. ഈ ആശയം മനസ്സിലാക്കാതെയാണ് പലരും സംസാരിക്കുന്നത്. ധർമ്മത്തെ നശിപ്പിക്കാൻ നിരവധി പേർ ശ്രമിച്ചിട്ടുണ്ട്. അവരെല്ലാം പരാജയമടഞ്ഞു എന്നതാണ് ചരിത്രമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ പേര് ‘ഭാരത്‘ എന്നാക്കുന്നതിനെ എതിർക്കേണ്ട കാര്യമില്ലെന്ന് മന്മോഹൻ വൈദ്യ പറഞ്ഞു. പ്രാചീന കാലം മുതൽ രാജ്യത്തിന്റെ പേര് ഭാരതം എന്ന് തന്നെയാണ്. ഇവിടെ രണ്ടാമതൊരു പേരിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് നാമമാത്രമായി അവശേഷിക്കുന്ന സാമൂഹിക അസമത്വങ്ങൾ ഉടൻ അസ്തമിക്കും. സമത്വം പൂർണമായും കൈവരിക്കുന്നത് വരെ പട്ടിക ജാതി/ പട്ടിക വർഗ സംവരണം തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണിപ്പൂരിൽ കലാപം നിയന്ത്രിക്കാൻ സർക്കാർ കഠിനാദ്ധ്വാനം ചെയ്യുകയാണ്. അതിന്റെ ഫലപ്രാപ്തി ഉടൻ അനുഭവവേദ്യമാകുമെന്നും ആർ എസ് എസ് ജോയിന്റ് ജനറൽ സെക്രട്ടറി മന്മോഹൻ വൈദ്യ വ്യക്തമാക്കി. പൂനെയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post