കൊളംബോ: ഏഷ്യാ കപ്പ് ക്രിക്കറ്റ് സൂപ്പർഫോറിൽ ഇന്ത്യയുമായുള്ള മത്സരത്തിലെ കനത്ത തോൽവി ടീം അംഗങ്ങളെ മാനസികമായി ഏറെ തളർത്തിയെന്ന് പാക് മുൻ ക്യാപ്റ്റൻ റമീസ് രാജ. ഇന്ത്യയ്‌ക്കെതിരായ മത്സരത്തിലെ തോൽവി അവരെ മാനസികമായി ശരിക്കും തളർത്തിക്കളഞ്ഞു. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലും തോൽവിയുടെ പരാജയഭാരവുമായാണ് പാകിസ്താൻ ടീം കളിക്കാനിറങ്ങിയെന്ന് റമീസ് രാജ പറഞ്ഞു. യൂട്യൂബ് വീഡിയോയിലൂടെയാണ് മുൻ ക്യാപ്റ്റന്റെ ഈ വിമർശനം.
ലങ്കയ്‌ക്കെതിരെ പാകിസ്താൻ ഭയത്തോടെയാണു കളിച്ചത്. അമിതമായ കരുതൽ കളിയിൽനിന്നു മനസിലാകും. അതുകൊണ്ടു തന്നെ അവർക്ക് കളി വിജയകരമായി അവസാനിപ്പിക്കാൻ സാധിച്ചില്ലെന്ന് റമീസ് രാജ കുറ്റപ്പെടുത്തി.
പാക് താരം ഫഖർ സമാന്റെ ശരീരഭാഷ തന്നെ ഞെട്ടിച്ച് കളഞ്ഞെന്നും അദ്ദേഹം കളിക്കാൻ മടി കാണിക്കുന്നുവെന്നും റമീസ് രാജ കുറ്റപ്പെടുത്തി. ക്യാപ്റ്റൻ ബാബർ അസമിനും പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്നും കളിക്കാരനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ബാബർ അവസരത്തിനൊത്ത് ഉയരണമെന്ന് റമീസ് രാജ വീഡിയോയിൽ പറയുന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ ശ്രീലങ്കയെ നേരിടും.
Discussion about this post