ബ്രസീലിയ: ബ്രസീലിലെ ആമസോണിൽ വിമാനം തകർന്നു വീണ് 14 പേർ മരിച്ചു. ബാർസലോസ് പ്രവിശ്യയിൽ നടന്ന അപകടത്തിൽ മരിച്ചവരെല്ലാം വിമാനത്തിൽ ഉണ്ടായിരുന്നവരാണ്. വിമാനത്തിൽ ഉണ്ടായിരുന്ന 12 വിനോദ സഞ്ചാരികളും പൈലറ്റും സഹപൈലറ്റുമാണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരം ബ്രസീൽ സമയം 3.00 മണിയൊടെ വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് പ്രദേശത്ത് ഉണ്ടായ തീ കെടുത്താൻ ദൗത്യസംഘം ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് വിവരം. അപകടം നടന്നത് വനമേഖലയിൽ ആയതിനാൽ ദൗത്യം ശ്രമകരമാണ്.
അപകട സമയത്ത് ആമസോണിൽ ശക്തമായ മഴ പെയ്യുന്നുണ്ടായിരുന്നു. മോശം കാലാവസ്ഥയാകാം അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. വിനോദ സഞ്ചാരത്തിന്റെ ഭാഗമായി മീൻപിടുത്തത്തിന് പോയവരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ മരിച്ചവരെല്ലാം അമേരിക്കൻ സഞ്ചാരികളായിരുന്നു എന്നാണ് വിവരം.
എയർ ടാക്സി സേവനം നൽകുന്ന വിമാനമാണ് അപകടത്തിൽ പെട്ടത്. അപകടം നടന്ന സ്ഥലത്ത് ബ്രസീലിയൻ സിവിൽ വ്യോമയാന വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന തുടരുകയാണ്.
Discussion about this post