കോഴിക്കോട് : സ്കൂൾമുറ്റം നിറയെ വാഴനട്ട് വഴി തടസ്സപ്പെടുത്തിയതായി പരാതി. കോഴിക്കോട് ജില്ലയിലെ വേളം പഞ്ചായത്തിലെ ചേരാപുരത്താണ് സംഭവം. ചേരാപുരം ഈസ്റ്റ് എം എൽ പി സ്കൂളിന്റെ മുറ്റത്തും വഴിയിലും ആണ് വാഴ നട്ടിട്ടുള്ളത്. സ്കൂളിന് സമീപം താമസിക്കുന്ന പുത്തലത്ത് മറിയം, മകൻ സിറാജ് എന്നിവര്‍ക്കെതിരെ സ്കൂൾ അധികൃതർ പരാതി നൽകി.
സ്കൂൾ മാനേജർ സുരേഷ് ബാബു ആണ് അയൽവാസികൾ സൃഷ്ടിക്കുന്ന ശല്യത്തെക്കുറിച്ച് ബാലാവകാശ കമ്മീഷനിലും പൊലീസിലും പരാതി നൽകിയിരിക്കുന്നത്. ഇതാദ്യമായല്ല ഇവർ ഇത്തരത്തിൽ സ്കൂളിന് മുൻപിൽ മാർഗതടസ്സം സൃഷ്ടിക്കുന്നത് എന്നും പരാതിയിൽ പറയുന്നു. കഴിഞ്ഞ മധ്യവേനലവധിക്കുശേഷം സ്കൂൾ തുറക്കുന്ന സമയത്തും സ്കൂൾ മുറ്റം നിറയെ കരിങ്കല്ലും മണ്ണും ഇറക്കി വഴി തടസപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
90 വർഷത്തോളം പഴക്കമുള്ളതാണ് ഈ സ്കൂൾ. 102 വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്കൂളിൽ 6 അധ്യാപകർ ജോലി ചെയ്യുന്നുണ്ട്. സ്കൂളിന് മുൻപിലെ സ്ഥലം തങ്ങളുടെ അവകാശത്തിൽ ഉള്ളതാണെന്നാണ് അയൽവാസിയായ പുത്തലത്ത് മറിയം പറയുന്നത്. ഈ സ്ഥലം ഏറ്റെടുക്കാനായി സ്കൂൾ അധികൃതർ തയ്യാർ ആണെങ്കിലും ഇവർ ഭൂമി വിട്ടുകൊടുക്കാൻ തയ്യാറായില്ല സ്കൂളിനെ തകർക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നതായി കാണിച്ച് രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.












