ശരിയായി വേവിക്കാതെ തിലോപ്പിയ മത്സ്യം കഴിച്ച യുവതിക്ക് കൈകാലുകൾ നഷ്ടമായി. പാതി വേവിച്ച മത്സ്യത്തിൽ നിന്നുണ്ടായ ബാക്ടീരിയൽ അണുബാധ യുവതിയുടെ ശരീരത്തെ ഗുരുതരുമായി ബാധിച്ചിരുന്നു. പിന്നാലെയാണ് കൈകാലുകൾ മുറിച്ച് കളയേണ്ടി വന്നത്. അമേരിക്കയിലെ കാലിഫോർണിയയിലാണ് സംഭവം. 40കാരിയായ ലോറ ബരാജാസിനാണ് ദാരുണ അനുഭവം ഉണ്ടായത്.
ഏതാനും മാസങ്ങളായി ആശുപത്രിയിൽ തുടരുകയായിരുന്ന ഇവരുടെ ജീവൻ രക്ഷിക്കുന്നതിന് വേണ്ടിയാണ്, അവസാന മാർഗമെന്നോണം ശസ്ത്രക്രിയയിലൂടെ കൈകാലുകൾ മുറിച്ചു മാറ്റിയത്. ഇവരുടെ വീടിന് സമീപത്ത് നിന്ന് തന്നെയുള്ള കടയിൽ നിന്നാണ് മീൻ വാങ്ങിയതെന്ന് ലോറയുടെ സുഹൃത്ത് അന്ന മെസീന പറയുന്നു. മീൻ കഴിച്ചതിന് പിന്നാലെ ഇവരുടെ ബോധം നഷ്ടമാവുകയായിരുന്നു.
കൈകാലുകളും, ചുണ്ടും വലിയ രീതിയിൽ കറുത്ത നിറമായി. വൃക്കകൾക്കും ഗുരുതര തകരാർ സംഭവിച്ചു. കടൽവിഭവങ്ങളിൽ കാണപ്പെടുന്ന ഒരു തരം ബാക്ടീരിയയാണ് ലോറയുടെ ശരീരത്തെ ഗുരുതരമായി ബാധിച്ചതെന്ന് ഡോക്ടർമാരും ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കാൻ കടൽവിഭവങ്ങൾ ശരിയായ രീതിയിൽ പാകം ചെയ്ത് കഴിക്കണമെന്നും ഇവർ പറയുന്നു.
Discussion about this post