കോഴിക്കോട് : നിപ്പ സാമ്പിളുകൾ പരിശോധിക്കുന്നതിനായി തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ നിന്നെത്തിയ മൊബൈൽ ലാബിൽ പരിശോധനകൾ ഇതുവരെ തുടങ്ങിയിട്ടില്ല. പരിശോധിക്കുന്നതിന് വേണ്ടിയുള്ള സാമ്പിൾ ശേഖരിക്കുന്നതിൽ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്തതാണ് കാരണം. നിലവിലുള്ള രീതിയിൽ സാമ്പിൾ പരിശോധന നടത്തിയാൽ ആരോഗ്യപ്രവർത്തകരുടെ ജീവന് തന്നെ ഭീഷണി ആകുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
നിപ്പ രോഗ ലക്ഷണങ്ങൾ ഉള്ളവരുടെ സെറിബ്രോ സ്‌പൈനൽ ഫ്ലൂയിഡ്, രക്തം, മൂത്രം, സ്രവങ്ങൾ തുടങ്ങിയുടെ സാമ്പിൾ ആണ് പരിശോധനയ്ക്ക് വേണ്ടി ശേഖരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ച് സാമ്പിൾ എടുത്താൽ അതിന്റെ അതേ അളവിൽ തന്നെ ലൈസിസ് റിഏജന്റും ചേർത്ത് ലാബിൽ എത്തിക്കണം എന്നാണ്. സാമ്പിളിൽ വൈറസ് ബാധിതർ ഉണ്ടെങ്കിൽ മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
നിലവിൽ രോഗലക്ഷണങ്ങൾ ഉള്ളവരിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുന്നത് ഈ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെയാണ്. പരിശോധനയ്ക്കായി ശേഖരിച്ച സാമ്പിളിൽ അവശേഷിക്കുന്നവ നശിപ്പിക്കണമെന്നാണ് രാജീവ് ഗാന്ധി സെന്റർ അധികൃതർ പറയുന്നത്. എന്നാൽ അവശേഷിക്കുന്ന സാമ്പിൾ തിരികെ വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ ആവശ്യം. അങ്ങനെ ചെയ്യുന്നത് ആരോഗ്യപ്രവർത്തകരുടെ ജീവന് അപകടമാകുമെന്നാണ് അധികൃതർ പറയുന്നത്.
Discussion about this post