ന്യൂഡൽഹി: സെൻട്രൽ ഹാളിലേത് വികാരനിർഭരമായ നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ”വിപ്ലവകരമായ പല തീരുമാനങ്ങൾക്കും ഈ സഭ സാക്ഷിയായി. ഭരണഘടന രൂപമെടുത്തത് ഇവിടെയാണ്. ദേശീയഗാനത്തിനും ദേശീയപതാകയ്ക്കും അംഗീകാരം നൽകിയതും ഇവിടെ വച്ചാണ്. മുത്തലാഖ് നിരോധനത്തിനടക്കം ഇവിടം സാക്ഷിയായി. ജമ്മു കശ്മീർ പുന:സംഘടനയ്ക്കും സാക്ഷിയായി. 2047ല്‍ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന പ്രതിബദ്ധത നാം പുതുക്കുകയാണ്. വികസിത ഇന്ത്യയ്ക്കായി വീണ്ടും പ്രതിജ്ഞയെടുക്കുമെന്നും” പ്രധാനമന്ത്രി വ്യക്തമാക്കി.
” 1952 മുതല്‍ 41 ലോകനേതാക്കള്‍ സെന്‍ട്രനെ അഭിസംബോധന ചെയ്തു. 86 തവണ നമ്മുടെ രാഷ്ട്രപതിമാര്‍ ഇവിടെ സംസാരിച്ചു. ഭാരതം ഇന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാണ്. ആദ്യത്തെ മൂന്ന് സാമ്പത്തിക ശക്തികളിലൊന്നായി ഇന്ത്യ മാറുമെന്നതിൽ ലോകത്തിന് ആത്മവിശ്വാസമുണ്ട്. നാലായിരത്തോളം നിയമങ്ങള്‍ ഈ മന്ദിരത്തില്‍ നിര്‍മ്മിച്ചുവെന്നും” പ്രധാനമന്ത്രി വ്യക്തമാക്കി
പഴയ മന്ദിരം സംവിധാൻ സദൻ എന്ന പേരിലായിരിക്കും ഇനി അറിയപ്പെടുകയെന്നും പ്രധാനമന്ത്രി അറിയിച്ചു. ഭരണഘടനാ മന്ദിരമായിട്ടായിരിക്കും ഇവിടെ ഇനി അറിയപ്പെടുക. പുതിയ മന്ദിരം ഇനി ‘ഇന്ത്യയുടെ പാർലമെന്റ്’ എന്നറിയപ്പെടുമെന്ന് ഔദ്യോഗിക വിജ്ഞാപനവും പുറത്തിറക്കി. പുതിയ പാർലമെന്റ് മന്ദിരം എന്ന വിശേഷണം ഇനി ഉപയോഗിക്കേണ്ടതില്ല. ഇന്ന് മുതൽ ഈ മന്ദിരത്തിലാകും പാർലമെന്റ് സമ്മേളനം നടക്കുന്നത്.
അതേസമയം വനിതാ സംവരണ ബിൽ ഇന്നത്തെ അജണ്ടയിൽ ഉൾപ്പെടുത്തി. പുതിയ മന്ദിരത്തിലെ ആദ്യ ബിൽ ആണ് ഇത്. നാളെ ലോക്‌സഭയിൽ വനിതാ സംവരണ ബിൽ പാസാക്കും. ബില്ലിന്മേൽ വ്യാഴാഴ്ച രാജ്യസഭയിൽ ചർച്ച നടക്കും.
Discussion about this post