ന്യൂഡല്‍ഹി : ഏറെ കാലമായി രാജ്യം കാത്തിരുന്ന വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഇതോടെ പുതിയ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ആദ്യ ബില്ലായി വനിതാ സംവരണ ബില്ലായ ‘നാരീശക്തി വന്ദന്‍ അദിനിയാം’ മാറി. കേന്ദ്ര നിയമമന്ത്രി അര്‍ജ്ജുന്‍ റാം മേഘ്വാളാണ് ബില്‍ അവതരിപ്പിച്ചത്. അതേസമയം, നാരീശക്തി വന്ദന്‍ അദിനിയാം ഏകകണ്ഠമായി പാസാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ഥിച്ചു.
ബില്‍ അവതരണത്തിന് മുന്നോടിയായി പാര്‍ലമെന്റിന്റെ പ്രത്യേക സെഷനില്‍ സംസാരിച്ച പ്രധാനമന്ത്രി, ഈ സമ്മേളനം ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ രേഖപ്പെടുത്താന്‍ പോവുന്ന നിമിഷമാകുമെന്ന് അഭിപ്രായപ്പെട്ടു. “സ്ത്രീ സംവരണം നടപ്പാക്കാന്‍ അവസാനം ദൈവം തിരഞ്ഞെടുത്തത് എന്നെയാണ്. അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്ത് നിരവധി തവണ ബില്‍ അവതരിപ്പിച്ചുവെങ്കിലും നടപ്പാക്കാന്‍ സാധിച്ചില്ല. ഞങ്ങളുടെ സര്‍ക്കാര്‍ ഈ ദിശയില്‍ വന്‍ ചുവടുവെപ്പാണ് നടത്തിയിട്ടുള്ളത്. ഇത് സ്വപ്‌ന സാക്ഷാത്കാരമാണ്. വനിതാ സംവരണ ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. രാജ്യത്തിന്റെ നയരൂപീകരണത്തില്‍ കൂടുതല്‍ സ്ത്രീകളുടെ സംഭാവനകള്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു”, പ്രധാനമന്ത്രി പറഞ്ഞു.
നാരീ ശക്തി വന്ദന്‍ അദിനിയാം കൊണ്ട് വന്നതിലൂടെ രാജ്യത്തെ സ്ത്രീകളെ അഭിനന്ദിച്ച മോദി ഈ ബില്‍ ഏകകണ്ഠമായി പാസാക്കണമെന്ന് എല്ലാ എംപിമാരോടും അഭ്യര്‍ഥിക്കുകയും ചെയ്തു.
“മുദ്ര ലോണ്‍, പിഎം ആവാസ് യോജന തുടങ്ങിയ പദ്ധതികളില്‍ നിന്ന് സ്ത്രീകള്‍ക്ക് ഒരുപാട് പ്രയോജനമുണ്ടായി. സ്ത്രീകളുടെ നേതൃത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് വയ്ക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്”, അദ്ദേഹം പറഞ്ഞു. ആരെയെങ്കിലും അറിയാതെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോട് ക്ഷമ ചോദിക്കുന്നു. പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളായ എല്ലാ എഞ്ചിനീയര്‍മാര്‍ക്കും തൊഴിലാളികള്‍ക്കും നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
128-ാം ഭരണഘടനാ ഭേദഗതിയായാണ് ബില്‍ അവതരിപ്പിച്ചത്. പാര്‍ലമെന്റിലും നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുന്നതാണ് ബില്‍. ബില്‍ നിയമമാകുന്നതോടെ ലോക്‌സഭയില്‍ വനിതാ പ്രാതിനിധ്യം 181 ആയി ഉയരും. കേരള നിയമസഭയില്‍ 46 വനിതാ എംഎല്‍എമാര്‍ ഉണ്ടാകും. നിലവില്‍ 11 വനിതകളാണുള്ളത്. ഭാവിയില്‍ ലോക്‌സഭയിലേക്കു കേരളത്തില്‍നിന്നുള്ള 20 എംപിമാരില്‍ 6 പേര്‍ വനിതകളായിരിക്കും. വനിതാ സംവരണം പ്രാബല്യത്തില്‍ വരുത്താനുള്ള ബില്‍ പാസാക്കുന്നതിന് വര്‍ഷങ്ങളായി തുടരുന്ന പരിശ്രമത്തിനാണ് ഇതോടെ പരിസമാപ്തിയാകുന്നത്.
Discussion about this post