ഇസ്ലാമാബാദ്: അന്താരാഷ്ട്ര നാണയ നിധിയുടെ സാമ്പത്തിക സഹായം ഉറപ്പാക്കാനായി പാകിസ്താൻ യുക്രെയ്‌ന് ആയുധങ്ങൾ കച്ചവടം ചെയ്തതായി റിപ്പോർട്ട്. ഐഎംഎഫ് വായ്പയ്ക്ക് അമേരിക്കയുടെ പിന്തുണ ഉറപ്പാക്കാനാണ് ഈ ആയുധക്കച്ചവടം നടന്നതെന്നാണ് ആരോപണം. പാകിസ്താന്റെയും യുഎസിന്റെയും കൈയ്യിൽ നിന്ന് ലഭിച്ച രേഖകൾ ഉദ്ധരിച്ചെന്ന് അവകാശപ്പെട്ട് ഒരു ഓൺലൈൻ ഇൻവെസ്റ്റിഗേറ്റീവ് വെബ്‌സൈറ്റാണ് വാർത്ത പുറത്തുവിട്ടത്.
അതേസമയം റിപ്പോർട്ട് അടിസ്ഥാന രഹിതമാണെന്ന് പാകിസ്താൻ വിദേശകാര്യ ഓഫീസ് വക്താവ് മുംതാസ് സാറ ബലോച് പറഞ്ഞു. ഐഎംഎഫ് സാമ്പത്തിക സഹായം കൃത്യമായ ചർച്ചകൾക്ക് ഒടുവിൽ ലഭ്യമായതാണെന്നും യുക്രെയ്ൻ വിഷയത്തിൽ പാകിസ്താൻ നിഷ്പക്ഷ നിലപാടാണ് സ്വീകരിക്കുന്നതെന്നും മുംതാസ് സാറ ബലോച് പറഞ്ഞു.
യുക്രെയ്ൻ വിഷയത്തിൽ അമേരിക്കയെയും റഷ്യയെയും പ്രീതിപ്പെടുത്താൻ പാകിസ്താൻ ഏറെ പണിപ്പെട്ടുകൊണ്ടിരുന്ന ഘട്ടത്തിലാണ് ആയുധങ്ങൾ കയറ്റുമതി ചെയ്തതെന്നാണ് ആരോപണം. യുക്രെയ്‌നിലേക്ക് ആയുധ കൈമാറ്റം എളുപ്പമാക്കാൻ വാർസോയിൽ പ്രതിരോധ വ്യാപാര സ്ഥാപനവും പാകിസ്താൻ തയ്യാറാക്കിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
പാകിസ്താനിലെ ആയുധ കയറ്റുമതി കർശന നിബന്ധനകൾക്ക് വിധേയമാണെന്നും ബലോച് കൂട്ടിച്ചേർത്തു. ജൂലൈയിൽ പാകിസ്താൻ സന്ദർശിച്ച യുക്രെയ്ൻ വിദേശകാര്യ മന്ത്രി ദ്വിമിത്രോ കുലേബയും അന്ന് ആരോപണം നിഷേധിച്ചിരുന്നു. എന്നാൽ ഏപ്രിലിൽ ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ പാകിസ്താനിൽ നിന്നുൾപ്പെടെ റോക്കറ്റുകൾ ലഭിച്ചതായി യുക്രെയ്ൻ കമാൻഡർ വെളിപ്പെടുത്തിയിരുന്നു.
Discussion about this post