ഇന്ന് യുവാക്കളിൽ കാത്സ്യത്തിന്റെ അളവ് കുറയുന്നത് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ജീവിതശൈലിയിലും ഭക്ഷണരീതികളിലും വന്ന മാറ്റങ്ങൾ ഇതിനൊരു പ്രധാന കാരണമായി മാറുന്നുണ്ട്. കാത്സ്യം കുറയുന്നത് മൂലം ചെറുപ്പക്കാരിൽ പോലും സന്ധിവേദനയും എല്ലുകളുടെ ബലക്കുറവും മറ്റും ഉണ്ടാകുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ആദ്യം തന്നെ കാത്സ്യം മരുന്നുകൾ വാങ്ങി കഴിക്കുക എന്നുള്ളതാണ് പലരുടെയും ശീലം. എന്നാൽ ശരീരത്തിൽ കാത്സ്യം കുറയുന്നത് ഭക്ഷണത്തിലൂടെ ലഭിക്കുന്ന കാത്സ്യത്തിന്റെ അളവ് കുറവായത് കൊണ്ട് മാത്രമല്ല. ഹൈപ്പോപാരാതൈറോയ്ഡിസം എന്ന അവസ്ഥ കൊണ്ട് കൂടി ശരീരത്തിലെ കാത്സ്യം കുറയുന്നതാണ്.
നമ്മുടെ ശരീരത്തിൽ കഴുത്തിനു താഴ്ഭാഗത്തായി സ്ഥിതി ചെയ്യുന്ന ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡിനു പിൻഭാഗത്തായി സ്ഥിതി ചെയ്യുന്നതാണ് പാരാതൈറോയ്ഡ് ഗ്രന്ഥി. നാലു പാരാതൈറോയ്ഡ് ഗ്രന്ഥികളാണ് മനുഷ്യ ശരീരത്തിലുള്ളത്. ഈ പാരാതൈറോയ്ഡ് ഗ്രന്ഥികൾ പാരാതൈറോയ്ഡ് ഹോർമോൺ ഉൽപാദിപ്പിക്കുന്നതു നിർത്തുകയോ അല്ലെങ്കിൽ അളവ് കുറയുകയോ ചെയ്യുമ്പോഴാണ് ഹൈപ്പോപാരാതൈറോയ്ഡിസം അവസ്ഥ ഉണ്ടാകുന്നത്. നമ്മുടെ ശരീരത്തിലെ കാത്സ്യം, ഫോസ്ഫറസ് പോലുള്ള ധാതുക്കളുടെ അളവു നിയന്ത്രിക്കുന്നത് ഈ ഹോർമോണാണ്. പാരാതൈറോയ്ഡ് ഹോർമോൺ കുറയുമ്പോൾ കാത്സ്യത്തിന്റെയും മഗ്നീഷ്യത്തിന്റെയും നിരക്ക് കുറയുകയും ഫോസ്ഫറസ് നിരക്ക് കൂടുകയും ചെയ്യുന്നതാണ്.
വിവിധ കാരണങ്ങൾ കൊണ്ട് പാരാതൈറോയ്ഡ് ഹോർമോൺ കുറയുന്നത് സംഭവിക്കാം. ജന്മനാ തന്നെ ഈ ഗ്രന്ഥിയില്ലാതെ വരുന്ന അപൂർവ അവസ്ഥകൾ മുതൽ മദ്യപാനം വരെ പലപ്പോഴും കാരണമാകാറുണ്ട്. പാരാതൈറോയ്ഡ് ഗ്രന്ഥിക്കു സംഭവിക്കുന്ന പരുക്കുകൾ, ശരീരം തന്നെ ശരീരകലകളെ ആക്രമിക്കുന്ന ഓട്ടോഇമ്യൂൺ രോഗാവസ്ഥ എന്നിവ കൊണ്ടും ഹോർമോണിന്റെ അളവിൽ വ്യത്യാസം വരാം. പാരാതൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യപ്പെട്ടവരിലും തൊണ്ടയിലെ അർബുദത്തിനുള്ള റേഡിയോതെറപ്പി ചികിത്സ ചെയ്യുന്നവരിലും ഹോർമോൺ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറുണ്ട്. അമിതമദ്യപാനം കൊണ്ട് ശരീരത്തിലെ മഗ്നീഷ്യം നിരക്കു കുറയുന്നത് വഴിയും പാരാതൈറോയ്ഡ് ഹോർമോൺ കുറയുന്നതാണ്.
രക്തത്തിലെ കാത്സ്യം നിരക്ക് കുറയുകയും ഫോസ്ഫറസ് നിരക്കു കൂടുകയും ചെയ്യുന്നതാണ് പാരാതൈറോയ്ഡ് ഹോർമോൺ കുറയുന്നതിന്റെ പ്രധാന ലക്ഷണം. ശാരാരീരികമായും വൈകാരികമായുമുള്ള നിരവധി ബുദ്ധിമുട്ടുകൾ ഈ ഹോർമോൺ കുറയുന്നത് മൂലം ശരീരത്തിൽ ഉണ്ടാകാം. കൈവിരലുകളിലും കാൽപാദങ്ങളിലും ചുണ്ടിനും വായുടെ ചുറ്റും തരിപ്പും മരപ്പും ഉണ്ടാവുന്നതാണ് മറ്റൊരു ലക്ഷണം. കയ്യിലും കാലിലും ശരീരത്തിലെ പേശികളിലും ഉണ്ടാവുന്ന വേദന, കോച്ചിപിടുത്തം എന്നിവയും മുഖപേശികൾക്ക് കോടൽ വരുന്നതും ഈ ഹോർമോൺ കുറയുന്നതിന്റെ ലക്ഷണമാകാം.
കടുത്ത ക്ഷീണം, ചർമ്മത്തിലെ വരൾച്ച, മുടിയും നഖവുമെല്ലാം എളുപ്പത്തിൽ പൊട്ടിപ്പോകുന്നത് എന്നിവയും പാരതൈറോയ്ഡ് ഹോർമോൺ കുറയുന്നതിന്റെ ലക്ഷണങ്ങൾ ആയിരിക്കും.
ഈ ലക്ഷണങ്ങൾ ഉള്ളവരിൽ പലപ്പോഴും സങ്കടം, ആശങ്ക, വിഷാദം, ശൂന്യതാബോധം എന്നിങ്ങനെയുള്ള വൈകാരികമായ അസന്തുലിതാവസ്ഥ ഉണ്ടായിരിക്കും.
മൂത്രത്തിലൂടെ കാത്സ്യം കൂടുതലായി പുറത്തുപോകുന്നുണ്ടോ എന്നുള്ള യൂറിൻ പരിശോധന നടത്തുന്നത് ഹൈപ്പോപാരാതൈറോയ്ഡിസം
കണ്ടുപിടിക്കാൻ സഹായിക്കുന്നതാണ്. രക്തത്തിലെ കാത്സ്യം നിരക്ക് കുറഞ്ഞിരിക്കുക, പാരാതൈറോയ്ഡ് ഹോർമോൺ നിരക്കു കുറയുക, ഫോസ്ഫറസ് നിരക്കു വളരെ കൂടുതലാവുക എന്നീ സൂചനകളും ഈ അവസ്ഥ വേഗം കണ്ടെത്താൻ സഹായിക്കുന്നതാണ്. ഇത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ വൈദ്യസഹായം സ്വീകരിക്കുകയും ശരിയായ ചികിത്സ നടത്തുകയും ചെയ്താൽ ഈ ഹോർമോൺ പ്രശ്നത്തെ സന്തുലിതമായി നിലനിർത്താൻ കഴിയുന്നതാണ്.
Discussion about this post