തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റർ കേരളത്തിലെത്തി. കഴിഞ്ഞ ദിവസമാണ് മാസ വാടകയ്ക്ക് എടുത്ത ഹെലികോപ്റ്റർ തിരുവനന്തപുരത്ത് എത്തിയത്. സുരക്ഷാ പരിശോധനകൾക്ക് ശേഷം ഹെലികോപ്റ്റർ ചാലക്കുടിയിലേക്ക് കൊണ്ടുപോയി.
തിരുവനന്തപുരം എസ്എപി ഗ്രൗണ്ടിലായിരുന്നു ഹെലികോപ്റ്റർ എത്തിച്ചത്. ഇവിടെ വച്ചായിരുന്നു സുരക്ഷാ പരിശോധന. ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ഹെലികോപ്റ്റർ പരിശോധിച്ചു. ഇതിന് ശേഷം കൂടുതൽ പരിശോധനകൾക്കായി ചാലക്കുടിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ചാലക്കുടിയിലാണ് ഹെലികോപ്റ്റർ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഡൽഹി ആസ്ഥാനമായ ചിപ്‌സൻ ഏവിയേഷൻ എന്ന സ്വകാര്യ കമ്പനിയുടേതാണ് ഇരട്ട എൻജിൻ ഹെലികോപ്റ്റർ. പ്രതിമാസം 80 ലക്ഷം രൂപയ്ക്കാണ് സർക്കാർ ഇത് വാടകയ്ക്ക് എടുത്തിരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ മുഖ്യമന്ത്രിയ്ക്ക് വേണ്ടി ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കാനുള്ള തീരുമാനം കടുത്ത വിമർശനത്തിന് കാരണം ആയിരുന്നു.
ഈ വർഷം മാർച്ചിലായിരുന്നു വീണ്ടും ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനുള്ള തീരുമാനം. എന്നാൽ പിന്നീട് ഇതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് സർക്കാർ കടന്നിരുന്നില്ല. എന്നാൽ രണ്ട് മാസം മുൻപ് ഹെലികോപ്റ്റർ എത്തിക്കാനുള്ള നീക്കങ്ങൾ സജീവമാക്കുകയായിരുന്നു.
കൊറോണ പ്രതിസന്ധിയ്ക്കിടെ 2020 ലായിരുന്നു സംസ്ഥാനം മുഖ്യമന്ത്രിയ്ക്കായി ആദ്യം ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തത്. ഒരു കോടിയിലധികം രൂപയായിരുന്നു ഇതിന് പ്രതിമാസം വാടക ഇനത്തിൽ സർക്കാർ നൽകിയത്. ഇതും രൂക്ഷമായ വിമർശനത്തിനും പ്രതിഷേധത്തിനും കാരണം ആയിരുന്നു.












