തിരുവനന്തപുരം: ദേവസ്വം മന്ത്രിക്ക് ക്ഷേത്രത്തിൽ ജാതിവിവേചനം നേരിടേണ്ടി വന്നു എന്ന രീതിയിൽ നടന്നുവരുന്ന വിവാദങ്ങൾ ദുരുദ്ദേശപരമാണെന്ന് അഖിലകേരളതന്ത്രി സമാജം. സാമുദായിക ഐക്യം തകർക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിൽ. സമൂഹം ജാഗ്രത പാലിക്കണമെന്നും ക്ഷേത്രാചാരങ്ങൾ പാലിക്കുന്നതിനെപ്പോലും ദുർവ്യാഖ്യാനം ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു എന്നും തന്ത്രിസമാജം അറിയിച്ചു.
കേരളത്തിലെ ക്ഷേത്രങ്ങളിൽ ഭക്തരെ ജാതി നോക്കി സ്വീകരിക്കുന്നില്ല. ക്ഷേത്രത്തിലെ പൂജാരി ദേവപൂജ കഴിയുന്നത് വരെ ആരെയും സ്പർശിക്കാറില്ല. അതിൽ ബ്രാഹ്മ്ണൻ എന്നോ അബ്രാഹ്മണൻ എന്നോ വേർതിരിവ് കാണിക്കാറില്ല. വിവാദസംഭവം നടന്നെന്നു പറയുന്ന ക്ഷേത്രത്തിൻ്റെ കാര്യത്തിലും അതുതന്നെയാണ് സംഭവിച്ചത്. സംഭവം നടന്ന ദിവസം എത്താമെന്ന് ഏറ്റിരുന്ന ക്ഷേത്രം തന്ത്രിക്ക് അതിനു ചെല്ലാൻ സാധിച്ചില്ല. പകരം മേൽശാന്തിയാണ് പൂജകൾക്കായി എത്തിയത്.പരിപാടിയിൽ വിളക്ക് കൊളുത്തിയ ശേഷം അദ്ദേഹം പൂജ മുഴുവനാക്കുന്നതിനായി തിരിച്ചു പോന്നു. മന്ത്രി തനിക്ക് അയിത്തം കല്പിച്ചതായി തെറ്റിദ്ധരിച്ചതിൽ നടന്നത് ഇതാണ്.
സാങ്കേതികമായി അന്ന് അവിടെത്തന്നെ അവസാനിച്ച വിഷയമാണ് ഇത്. എട്ടുമാസങ്ങൾക്ക് ശേഷം കേരളമാകെ ചർച്ചയാകുന്ന വിധത്തിൽ വിവാദമാക്കുന്നതിൽ മറ്റെന്തെങ്കിലും ദുരുദ്ദേശമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഗുരുതരമായ കുറ്റങ്ങളാണ് ഇപ്പോൾ പൂജാരിമാർക്കെതിരെ ജനിച്ച ജാതിയുടെ അടിസ്ഥാനത്തിൽ മാത്രം ചുമത്തിയിരിക്കുന്നത്. നിർദ്ദോഷമായ ഒരു പ്രവൃത്തിയെ ദുർവ്യാഖ്യാനം ചെയ്ത് ജാതി, വർണ്ണം എന്നിവയുടെ പേരു പറഞ്ഞ് സമുദായത്തെ മുഴുവൻ അപമാനിക്കുന്നു. കേരളത്തിൽ അയിത്തം നിലനിൽക്കുന്നു എന്നൊരു പ്രചാരണം നടത്താനാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നത്. സാമൂഹികധ്രുവീകരണം ഇതിലൂടെ സാധ്യമാകും എന്നാണ് നിക്ഷിപ്തതാല്പര്യക്കാർ കരുതുന്നത്. കേരളീയസമൂഹം ഇത് തിരിച്ചറിയണമെന്നും ജാഗരൂകരായി ഇരിക്കണമെന്നും തന്ത്രിസമാജം പ്രതികരിച്ചു.
Discussion about this post