ന്യൂഡൽഹി: കാമുകിയെ ശല്യപ്പെടുത്തിയതിന്റെ പേരിൽ മേലുദ്യോഗസ്ഥനെ കൊന്ന് കുഴിച്ചുമൂടി. ഡൽഹിയിലെ ആർകെ പുരത്താണ് സംഭവം. സർക്കാർ ഉദ്യോഗസ്ഥനായ അനീഷ് എന്നയാളാണ് തന്റെ സീനിയറായ മഹേഷിനെ കൊലപ്പെടുത്തിയത്. മഹേഷിനെ കൊലപ്പെടുത്തിയതിന് ശേഷം ക്വാർട്ടേഴ്‌സിന് അടുത്തുള്ള സ്ഥലത്ത് കുഴിച്ചിടുകയായിരുന്നു. കോൺക്രീറ്റ് ചെയ്ത നിലയിലായിരുന്നു ഇവിടം. മൃതദേഹം പോലീസ് കണ്ടെടുത്തിട്ടുണ്ട്.
സീനിയർ സർവേയറായ മഹേഷ് തന്റെ കയ്യിൽ നിന്ന് 9 ലക്ഷം രൂപ കടം വാങ്ങിയ ശേഷം ഇത് തിരികെ നൽകാൻ തയ്യാറായില്ലെന്നും, തന്റെ കാമുകിയെ നിരന്തരമായി ശല്യം ചെയ്‌തെന്നുമാണ് കൊലപാതകത്തിനുള്ള കാരണമായി അനീഷ് പോലീസിനോട് പറഞ്ഞത്. കഴിഞ്ഞ മാസം അവസാനമാണ് മഹേഷിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടത്തിയത്.
അതിന് ശേഷം അനീഷ് മഹേഷിനെ സ്വന്തം താമസ സ്ഥലത്തേക്ക് ക്ഷണിച്ചു. ഇവിടെ എത്തിയ മഹേഷിനെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അനീഷ് തലയ്ക്കടിച്ച് വീഴ്തിതുകയായിരുന്നു. പിറ്റേ ദിവസം ക്വാർട്ടേഴ്‌സിന് സമീപം കുഴിയെടുത്ത് മൃതദേഹം കുഴിച്ചിട്ട ശേഷം സിമന്റ് ഇട്ട് മൂടുകയായിരുന്നു. മഹേഷിനെ കാണാതായതിന് പിന്നാലെ ഇയാളുടെ സഹോദരൻ പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടുന്നത്.
Discussion about this post