ബംഗലൂരു: സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നതിന് കുറഞ്ഞ പ്രായപരിധി ഏർപ്പെടുത്തുന്നത് നല്ലതാണെന്ന നിരീക്ഷണവുമായി കർണാടക ഹൈക്കോടതി. വോട്ടവകാശം ലഭിക്കുന്നതുപോലെയുളള ഒരു പ്രായപരിധി 18 വയസോ 21 ഓ നിശ്ചയിക്കണമെന്നും അത് രാജ്യത്തിന് നല്ലതായിരിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു.
പ്രത്യേകിച്ച് സ്‌കൂൾ കുട്ടികൾക്കാണ് സമൂഹമാദ്ധ്യമങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടത്. സ്‌കൂളിൽ പോകുന്ന കുട്ടികളിൽ പലരും സമൂഹമാദ്ധ്യമങ്ങൾക്ക് അടിപ്പെട്ടിരിക്കുകയാണ്. സോഷ്യൽ മീഡിയ ഉപയോഗത്തിൽ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണത്തിനെതിരെ ട്വിറ്റർ നൽകിയ റിട്ട് അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി.
ജസ്റ്റീസുമാരായ ജി നരേന്ദർ വിജയകുമാർ എ പാട്ടീൽ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്. 2021 ഫെബ്രുവരി 2 നും 2022 ഫെബ്രുവരി 28 നും ഇടയിൽ നിരന്തരം പലതവണ ട്വിറ്റർ അക്കൗണ്ടുകളും ട്വീറ്റുകളും ബ്ലോക്ക് ചെയ്ത സർക്കാർ ഉത്തരവുകൾക്കെതിരെയാണ് കമ്പനി കോടതിയെ സമീപിച്ചത്. ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുക്കുന്നതിന് മുൻപാണ് കമ്പനി കോടതിയെ സമീപിച്ചത്.
ട്വീറ്റുകൾ നീക്കാനും അക്കൗണ്ടുകൾ മരവിപ്പിക്കാനുമുളള ഉത്തരവുകളിലൂടെ കേന്ദ്രസർക്കാർ അധികാര ദുർവ്വിനിയോഗം നടത്തുകയാണെന്നാണ് കമ്പനിയുടെ ആരോപണം. നേരത്തെ ട്വിറ്ററിന് സിംഗിൾ ബെഞ്ച് 50 ലക്ഷം രൂപ പിഴ വിധിച്ചിരുന്നു. ഉത്തരവ് അനുസരിക്കാൻ വീഴ്ച വരുത്തിയ കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു സിംഗിൾ ബെഞ്ച് പിഴ വിധിച്ചത്.
Discussion about this post