നീലഗിരി : 45 ദിവസം മാത്രം പ്രായമുള്ള 4 കടുവ കുഞ്ഞുങ്ങളെ ചത്ത നിലയിൽ കണ്ടെത്തി. മുതുമല കടുവ സങ്കേതത്തിന്‍റെ അതിര്‍ത്തി മേഖലയായ ചിന്നക്കൂനൂരിലെ കടനാട് റിസര്‍വ് വനത്തിലാണ് കടുവ കുഞ്ഞുങ്ങളെ ചത്ത നിലയിൽ കണ്ടെത്തിയത്. അമ്മ കടുവ ഉപേക്ഷിച്ചതിനാൽ മുലപ്പാൽ ലഭിക്കാതെ പട്ടിണി കിടന്നാണ് ഈ കുഞ്ഞുങ്ങൾ ചത്തതെന്നാണ് വനം വകുപ്പിന്റെ നിഗമനം.
വ്യത്യസ്ത ദിവസങ്ങളിലായാണ് വനത്തിൽ നിന്നും കടുവ കുഞ്ഞുങ്ങളെ ചത്ത നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അമ്മ കടുവ ഈ കുഞ്ഞുങ്ങളെ മുലയൂട്ടിയിരുന്നില്ലെന്ന് വനം വകുപ്പ് അധികൃതർ വ്യക്തമാക്കി. ഏതാനും ദിവസങ്ങളായി വനം വകുപ്പ് ഈ കുഞ്ഞുങ്ങളെ നിരീക്ഷിച്ചു വന്നിരുന്നു. എന്നാൽ അമ്മ കടുവ ഇവയ്ക്ക് സമീപം ഉണ്ടായിരുന്നതിനാൽ അടുത്തേക്ക് ചെല്ലാനായില്ല.
അമ്മ കടുവ ഈ കുഞ്ഞുങ്ങളെ ഉപേക്ഷിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. സാധാരണയായി കുഞ്ഞുങ്ങൾ ജനിച്ചശേഷം രണ്ടു വര്‍ഷത്തോളം അമ്മ കടുവ ഇവയെ മുലയൂട്ടാറുണ്ട്. ദിവസങ്ങളായി മുലപ്പാൽ ലഭിക്കാതിരുന്നതിനാൽ നാലു കടുവ കുഞ്ഞുങ്ങളുടെയും വയറൊഴിഞ്ഞ നിലയിലായിരുന്നു. വിശദമായ ഫോറൻസിക് പരിശോധനകൾക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് വനം വകുപ്പ് അറിയിച്ചു.
നീലഗിരി ജില്ലയില്‍ കഴിഞ്ഞ ഒരു മാസത്തിനിടയിൽ മാത്രം മൂന്നു ആണ്‍ കടുവകളും ഒരു പെണ്‍കടുവയും ആറു കടുവ കുഞ്ഞുങ്ങളും ഉള്‍പ്പെടെ പത്തു കടുവകളാണ് ചത്തത്.
Discussion about this post