ആര്‍ത്തവദിനങ്ങള്‍ സ്ത്രീകള്‍ക്ക് അത്ര സുഖകരമായ ദിനങ്ങളല്ല. ഈ ദിനങ്ങളില്‍ കടുത്ത വയറുവേദനയും ശാരീരിക, മാനസിക അസ്വസ്ഥതകളും അനിയന്ത്രിതമായ ആര്‍ത്തവ രക്തവും തുടരെ തുടരെയുള്ള സാനിറ്ററി പാഡ് മാറ്റലും വസ്ത്രങ്ങളിലേക്ക് രക്തം പടര്‍ന്നോ എന്ന ആശങ്കകളും ഇല്ലാത്ത സ്ത്രീകള്‍ കുറവാണ്. ആര്‍ത്തവ സമയത്ത് സ്ത്രീ ശരീരത്തില്‍ നിന്നും സാധാരണയായി എത്രത്തോളം രക്തം നഷ്ടപ്പെടുന്നുണ്ടെന്ന് സ്ത്രീകള്‍ ഉള്‍പ്പടെ മിക്കവര്‍ക്കും അറിയാത്ത കാര്യമാണ്. ഈ വിഷയത്തില്‍ വിദഗ്ധര്‍ എന്താണ് പറയുന്നതെന്ന് നോക്കാം.
ആര്‍ത്തവ ദിനങ്ങളുടെ എണ്ണവും ആ ദിവസങ്ങളില്‍ ശരീരത്തില്‍ നിന്ന് പുറത്തുപോകുന്ന രക്തത്തിന്റെ അളവും ഓരോ സ്ത്രീകളിലും വ്യത്യസ്തമായിരിക്കും. എങ്കിലും ആര്‍ത്തവസമയത്ത് വലിയ അളവില്‍ രക്തം ശരീരത്തിന് പുറത്തേക്ക് പോകുമെന്നാണ് പൊതുവേയുള്ള ധാരണ. ആര്‍ത്തവ സമയത്തെ വേദനകളും അസ്വസ്ഥതകളും അടിക്കടി വേണ്ടിവരുന്ന സാനിറ്ററി പാഡ് മാറ്റലുമാണ് അതിനുള്ള പ്രധാന കാരണം. എന്നാല്‍ ഭൂരിഭാഗം സ്ത്രീകള്‍ക്കും ആര്‍ത്തവ സമയത്ത് 50 മില്ലിലിറ്റര്‍ രക്തം മാത്രമാണ് നഷ്ടപ്പെടുന്നത്. അതായത് മൂന്ന് ടേബിള്‍ സ്പൂണോളം രക്തം. ആര്‍ത്തവം അനുഭവിക്കുന്ന മിക്കവര്‍ക്കും ഇത് വിശ്വസിക്കാന്‍ കഴിഞ്ഞേക്കില്ല.
ആര്‍ത്തവ ദ്രവത്തില്‍ രക്തം മാത്രമല്ല അടങ്ങിയിരിക്കുന്നത്. ഗര്‍ഭപാത്ര കോശജാലങ്ങള്‍, കട്ടികൂടിയ എന്‍ഡോമെട്രിയല്‍ കോശങ്ങള്‍, രക്തക്കട്ടകള്‍ എന്നിവ ചേര്‍ന്നതാണ് ആര്‍ത്തവ ദ്രവം. ഇതെല്ലാം ചേര്‍ന്ന് പുറത്തേക്ക് ഒഴുകുന്നതുകൊണ്ടാണ് വലിയ അളവില്‍ രക്തം പോയെന്ന തോന്നല്‍ സ്ത്രീകളില്‍ ഉണ്ടാകുന്നത്.
അതേസമയം ചിലര്‍ക്ക് 5-6 ടേബിള്‍സ്പൂണ്‍ രക്തം വരെ ആര്‍ത്തവ സമയത്ത് നഷ്ടപ്പെടാറുണ്ട്. ഇതിനെ ഹെവി മെന്‍സസ് അഥവാ ഹെവി പിരിയിഡ്‌സ് എന്ന് വിളിക്കാം. 70 മില്ലിലിറ്ററിലധികം ആര്‍ത്തവ രക്തം നഷ്ടപ്പെടുക, 7 ദിവസത്തില്‍ കൂടുതല്‍ ആര്‍ത്തവം അനുഭവപ്പെടുക എന്നിവ ഹെവി പിരിയിഡ്‌സിന്റെ ലക്ഷണങ്ങളാണ്. എന്‍ഡോമെട്രിയോസിസ്, പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രം (പിസിഒഡി) എന്നീ പ്രശ്‌നങ്ങള്‍ ഹെവി പിരിയിഡ്‌സിന് കാരണമാകാറുണ്ട്.
Discussion about this post