ന്യൂഡൽഹി: വനിതാ സംവരണ ബിൽ ഇന്ന് രാജ്യസഭയിൽ. ബിൽ ഇന്നലെ ലോക്‌സഭ പാസാക്കിയിരുന്നു. 454 എംപിമാർ ബില്ലിനെ അനുകൂലിച്ചും 2 എംപിമാർ എതിർത്തും വോട്ട് ചെയ്തു. സ്ലിപ് നൽകിയാണ് ബില്ലിൻമേൽ വോട്ടെടുപ്പ് നടത്തിയത്. എഐഎംഐഎമ്മിന്റെ അസദുദ്ദീൻ ഉവൈസിയും ഇംതിയാസ് ജലീലുമാണ് ബില്ലിനെ എതിർത്ത് വോട്ട് ചെയ്തതെന്നാണ് റിപ്പോർട്ട്. ബിൽ പ്രകാരം ലോക്‌സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകൾക്കായി സംവരണം ചെയ്യും.
ഭരണഘടനയുടെ 128-ാം ഭേദഗതിയാണിത്. ‘നാരിശക്തി വന്ദൻ അധിനിയം’ എന്നാണ് ബില്ലിന് പേരിട്ടിരിക്കുന്നത്. ബിൽ പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യസിറ്റിങ്ങിൽ ലോക്‌സഭയിൽ അവതരിപ്പിച്ചിരുന്നു. നിലവിൽ പട്ടികവിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ളതിൽ മൂന്നിലൊന്നു സീറ്റ് ആ വിഭാഗത്തിലെ വനിതകൾക്കായി നീക്കിവയ്ക്കാനും വ്യവസ്ഥയുള്ളതാണ് നിയമമന്ത്രി അർജുൻ റാം മേഘ്വാൾ അവതരിപ്പിച്ച ബിൽ. ഭേദഗതി നടപ്പിലായി 15 വർഷത്തേക്കാണ് സംവരണം. എന്നാൽ, ഈ കാലാവധി നീട്ടാനും ബില്ലിൽ വ്യവസ്ഥയുണ്ട്.
Discussion about this post