ആരോഗ്യപരമായ ഭക്ഷണശീലങ്ങള്‍ക്ക് എന്നും പ്രധാന്യമേറെയാണ്. അതില്‍ വൈവിധ്യങ്ങള്‍ കൂടി കൊണ്ടു വന്നാലോ, കാണാനും അറിയാനും ആളുകള്‍ ഏറും. അത്തരമൊരു വീഡിയോയാണ് ഇന്നത്തെ സോഷ്യല്‍ മീഡിയയിലെ താരം. സൂര്യകാന്തി പൂവിന്റെ വിത്തുകളുടെ ഗുണഗണങ്ങള്‍ നമുക്ക് അറിയാവുന്നത് തന്നെയാണ്. വിത്തുകള്‍ പലതരത്തില്‍ ആളുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താറുമുണ്ട്. എന്നാല്‍ ഒരു പൂ മൊത്തമായി ഗ്രില്‍ ചെയ്യുന്നത് എങ്ങനെയിരിക്കും. അതിശയിക്കണ്ട. അങ്ങനെയും കഴിക്കാമെന്ന് കാട്ടുകയാണ് ഒരു വിദേശി യുവാവ്.
ഒരു യുവാവ് പൂന്തോട്ടത്തില്‍ നിന്നും നേരിട്ട് സൂര്യകാന്തിപ്പൂക്കള്‍ പറിച്ചെടുക്കുന്നതാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. ശേഷം അതിന്റെ ഇതളുകള്‍ അയാള്‍ പറിച്ചുമാറ്റുകയും അതിലേയ്ക്ക് വെളുത്തുള്ളിയും ഒലീവ് ഓയിലുമെല്ലാം ചേര്‍ത്തൊരു പേസ്റ്റ് പുരട്ടുന്നു. ഈ പൂക്കളെടുത്ത് പിന്നീട് ഗ്രില്ലിലേയ്ക്ക് തലകീഴായി വെയ്ക്കുന്നു. കുറച്ച് സമയത്തിന് ശേഷം ഗ്രില്‍ ചെയ്ത സൂര്യകാന്തിപൂക്കള്‍ ആസ്വദിച്ചു കഴിക്കുന്നതും വീഡിയോയില്‍ കാണാം.
വീഡിയോ വളരെ വേഗത്തിലാണ് ജനശ്രദ്ധ പിടിച്ചുപറ്റിയത്. ഈ വീഡിയോ ഇതുവരെ 24 ലക്ഷം പേരാണ് കണ്ടത്. ഇവ പി.സി.ഒ.എസ് അവസ്ഥയുള്ളവര്‍ക്ക് നല്ലതാണെന്നാണ് സുചിപ്പിച്ചാണ് വീഡിയോ പങ്ക് വച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തിയത്. ഇതാരും പരീക്ഷിക്കാത്ത ഐഡിയ, ഇതിന് രുചിയുണ്ടോ, കൂണിന്റെ രുചി പോലെയാണോ, ഏതുതരം സൂര്യകാന്തിയാണ് എടുക്കേണ്ടത് തുടങ്ങി നിരവധി ചോദ്യങ്ങളും കമന്റുകളായ് എത്തുന്നുണ്ട്.
ഭക്ഷണത്തിന് രുചി മാത്രമല്ല അതിനൊപ്പം ആരോഗ്യഗുണങ്ങളും പ്രദാനം ചെയ്യുന്ന ഒന്നാണ് സൂര്യകാന്തി വിത്തുകള്‍. ശരീരഭാരം നിയന്ത്രിക്കാന്‍, രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍, ദഹനം മെച്ചപ്പെടുത്താനുമെല്ലാം സൂര്യകാന്തി വിത്തുകള്‍ ഡയറ്റിലുള്‍പ്പെടുത്താം. ശരീരത്തിന് ആവശ്യമായ പല പോഷകങ്ങള്‍ കൊണ്ടും സമ്പന്നമാണ് ഇവ. വിറ്റാമിന്‍ ഇ, സിങ്ക്, ഒമേഗ 3 ഫാറ്റി ആസിഡുകള്‍, പ്രോട്ടീന്‍, നാരുകള്‍, ധാതുക്കള്‍ തുടങ്ങി എല്ലാ പോഷകങ്ങളും ഇവയിലുണ്ട്. സ്മൂത്തി, ഓട്‌സ് എന്നിവയിലും സൂപ്പ്, സലാഡ് എന്നിവയിലും സൂര്യകാന്തി വിത്തുകള്‍ ചേര്‍ക്കാം. സൂര്യകാന്തി വിത്തുകളില്‍ നിന്നുള്ള എണ്ണ തലമുടിയ്ക്ക് വളരെ നല്ലതാണ്.
Discussion about this post