വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയം നിർമ്മിക്കും. കാശി വിശ്വനാഥന്റെ മണ്ണിൽ മഹാദേവന് ഏറെ പ്രിയപ്പെട്ട കൂവള ഇലയുടെ മാതൃകയും ശിവന്റെ കൈയ്യിലെ ഡമരുവും സ്റ്റേഡിയത്തിന്റെ ഡിസൈനിൽ ഇടംപിടിക്കും.
23 ന് പ്രധാനമന്ത്രി സ്റ്റേഡിയത്തിന്റെ തറക്കല്ലിടന്നതോടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും.
451 കോടി രൂപയാണ് മൊത്തം നിർമാണച്ചിലവ്. 121 കോടി രൂപ മുടക്കി ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ യോഗി സർക്കാർ പൂർത്തിയാക്കി കഴിഞ്ഞു. 330 കോടി രൂപയാണ് സ്റ്റേഡിയത്തിന്റെ നിർമാണത്തിനായി ബിസിസിഐ മുടക്കുക.
അന്താരാഷ്ട്ര മത്സരങ്ങൾ നടത്താനുളള എല്ലാ സൗകര്യങ്ങളോടും കൂടിയാണ് സ്‌റ്റേഡിയം നിർമിക്കുക. ഒരേ സമയം 30,000 കാണികളെ ഉൾക്കൊളളും. പരിശീലനത്തിനുൾപ്പെടെ ഏഴ് പിച്ചുകൾ സ്റ്റേഡിയത്തിൽ ഒരുക്കും. 2025 ഡിസംബറോടെ സ്‌റ്റേഡിയം പൂർത്തിയാകുമെന്നാണ് കരുതുന്നത്.
30.86 ഏക്കർ ഭൂമിയാണ് സ്‌റ്റേഡിയത്തിനായി യുപി സർക്കാർ ഏറ്റെടുത്തത്. ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേഷന് ഈ ഭൂമി പാട്ടത്തിന് നൽകിയാണ് സ്റ്റേഡിയം യാഥാർത്ഥ്യമാക്കുന്നത്.
Discussion about this post