മലപ്പുറം; പോക്സോ കേസിൽ പ്രതിചേർക്കപ്പെട്ട സ്കൂൾ മാനേജറെ അയോഗ്യനാക്കി. മലപ്പുറം ജില്ലയിലെ കാരക്കുന്ന് പഴേടം എഎഎൽപി സ്കൂൾ മാനേജർ എംഎ അഷ്റഫിനെയാണ് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ അയോഗ്യനാക്കിയത്. സ്കൂളിന്റെ പ്രവർത്തനങ്ങൾ തടസം കൂടാതെ നിർവഹിക്കുന്നതിന് മഞ്ചേരി ഉപജില്ല വിദ്യാഭ്യാസ ഓഫിസർക്ക് ചുമതല നൽകിയതായും വിദ്യാഭ്യാസ ഉപഡയറക്ടർ കെ പി രമേഷ് കുമാർ ഉത്തരവിൽ അറിയിച്ചു.
ഈ കഴിഞ്ഞ ജൂലൈ 13 നാണ് അഷ്റഫിനെതിരെ പോക്സോ പ്രകാരം കേസെടുത്തത്. മാതാവിന്റെ സുഹൃത്തായ ഇയാൾ 13കാരിയായ ബാലികക്ക് മാനഹാനിയുണ്ടാക്കിയെന്ന സംഭവത്തിലാണ് കേസ്. ആലുവ സ്വദേശിയായ കുട്ടിയുടെ പിതാവാണ് പരാതി നൽകിയത്.
പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതായി മഞ്ചേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ ചൈൽഡ് വെൽഫയർ കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുള്ളതായും കണ്ടെത്തി.കഴിഞ്ഞ മാസം 26ന് മാനേജർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
Discussion about this post