ബെയ്ജിംഗ്/ ന്യൂഡൽഹി: ഇന്ത്യൻ വുഷു താരങ്ങൾക്ക് പ്രവേശനാനുമതി നിഷേധിച്ച് ചൈന. മൂന്ന് ഇന്ത്യൻ താരങ്ങൾക്കാണ് അനുമതി നിഷേധിച്ചത്. ഇതിൽ പ്രതിഷേധിച്ച് കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ ചൈനീസ് സന്ദർശനം റദ്ദാക്കി.
ഇത്തവണത്തെ ഏഷ്യൻ ഗെയിംസിന് ചൈനയാണ് വേദി. മത്സരത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് താരങ്ങൾ ചൈനയിലേക്ക് പോകാനൊരുങ്ങിയത്. എന്നാൽ വിമാനത്താവളത്തിൽ എത്തിയ താരങ്ങളോട് തിരികെ മടങ്ങാൻ അധികൃതർ അറിയിക്കുകയായിരുന്നു. അരുണാചൽ സ്വദേശികളായ ന്യേമൻ വാംഗ്‌സു, ഒനിലു തേഗ, മെപ്പുംഗ് ലാംഗു എന്നിവർക്കാണ് പ്രവേശന അനുമതി ലഭിക്കാതിരുന്നത്.
ഇവർ ഉൾപ്പെടെ ഏഴ് താരങ്ങളാണ് മത്സരത്തിൽ പങ്കെടുക്കാൻ ചൈനയിലേക്ക് പുറപ്പെട്ടത്. ഇവർക്കൊപ്പം മറ്റ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ഹോങ്കോംഗിലാണ് ഇവർ ആദ്യം എത്തിയത്. ഇവിടെ നിന്നും വേദിയായ ഹാംഗ്ഷൂവിലേക്ക് വിമാനം കയറാനായി വിമാനത്താവളത്തിൽ എത്തിയപ്പോൾ മൂന്ന് പേരെയും തടയുകയായിരുന്നു. യാത്രയ്ക്കായി മതിയായ രേഖകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അനുമതി നിഷേധിച്ചത്. ഇതേ തുടർന്ന് മൂന്ന് പേരും ഇന്ത്യയിലേക്ക് തന്നെ മടങ്ങി.
ഇതിന് പിന്നാലെ കേന്ദ്ര കായിക മന്ത്രി ചൈനീസ് സന്ദർശനം റദ്ദാക്കി. ഏഷ്യൻ ഗെയിംസിന്റെ ഭാഗമായിട്ടായിരുന്നു അദ്ദേഹത്തിന്റെ പര്യടനം. എന്നാൽ താരങ്ങൾക്ക് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് യാത്ര വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
ലഡാക്കിന് പിന്നാലെ അരുണാചൽ പ്രദേശും തങ്ങളുടേതാണെന്ന അവകാശവാദം ചൈന നിരന്തരം ഉന്നയിക്കുന്നുണ്ട്. ഇതിനിടെയാണ് അരുണാചൽ സ്വദേശികളായ കായിക താരങ്ങൾക്ക് അനുമതി നിഷേധിച്ചിരിക്കുന്നത്. ഇന്ത്യയെ പ്രകോപിപ്പിക്കാനാണ് ചൈന ഇതിലൂടെ ശ്രമിക്കുന്നത് എന്നാണ് വിലയിരുത്തൽ.
Discussion about this post