യുകെ : യുകെയിലെ ആദ്യ ‘റിജക്ഷൻ ഫ്രീ’ വൃക്ക മാറ്റിവയ്ക്കൽ ശാസ്ത്രക്രിയ നടത്തിയിരിക്കുകയാണ് ഗ്രേറ്റ് ഓർക്കണ്ട് സ്ട്രീറ്റ് ഹോസ്പിറ്റൽ. ഇന്ത്യൻ ദമ്പതികളുടെ മകളായ എട്ട് വയസ്സുകാരി അദിതി ശങ്കറിനാണ് ‘റിജക്ഷൻ ഫ്രീ’ വൃക്ക മാറ്റിവയ്ക്കൽ നടത്തിയത്. അദിതിയുടെ അമ്മ ദിവ്യ ആയിരുന്നു മകൾക്ക് വൃക്ക നൽകിയത്. ശരീരം പുതിയ അവയവം നിരസിക്കുന്നത് തടയാൻ ദീർഘകാലത്തേക്ക് മരുന്നുകൾ കഴിക്കേണ്ട ആവശ്യമില്ലാത്ത പ്രത്യേക വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയായിരുന്നു ഇത്.
ശസ്ത്രക്രിയയ്ക്ക് മുൻപ് തന്നെ സ്വീകർത്താവിന്റെ രോഗപ്രതിരോധ ശേഷി പുനഃക്രമീകരിക്കുന്നത് വഴിയാണ് റിജെക്ഷൻ ഫ്രീ അവയവമാറ്റ ശസ്ത്രക്രിയ നടത്തുന്നത്. ഇതിനായി ദാതാവിൽ നിന്നുള്ള അസ്ഥിമജ്ജ മൂലകോശങ്ങൾ സ്വീകർത്താവിന്റെ ശരീരത്തിൽ ക്രമീകരിക്കുന്നതാണ്. ഈ രീതി വഴി സ്വീകർത്താവിന്റെ ശരീരം പുതിയ അവയവത്തെ തന്റേതായി തന്നെ അംഗീകരിക്കുന്നു. ഈ രീതിയിൽ അവയവമാറ്റം നടത്തുമ്പോൾ പുതിയ അവയവം സ്വീകരിക്കുമ്പോൾ ഉണ്ടാകുന്ന പ്രതിരോധ പ്രശ്നങ്ങൾ ശരീരം സൃഷ്ടിക്കില്ല. ദീർഘകാലത്തേക്ക് ശക്തമായ മരുന്നുകൾ കഴിക്കുന്നതിനുള്ള പാർശ്വഫലങ്ങൾ തടയാനും റീജക്ഷൻ ഫ്രീ അവയവമാറ്റ ശസ്ത്രക്രിയ വഴി സാധിക്കുന്നതാണ്.
വളരെ അപൂർവമായ പാരമ്പര്യ രോഗമായ ഷിംകെ ഇമ്മ്യൂണോ-ഓസിയസ് ഡിസ്പ്ലാസിയ (SIOD) എന്ന അസുഖമായിരുന്നു അദിതി ശങ്കറിന് ഉണ്ടായിരുന്നത്. മാതാപിതാക്കളിൽ നിന്നുള്ള ജീൻ വഴിയാണ് കുട്ടികൾക്ക് ഈ അസുഖം ഉണ്ടാകുന്നത്. ഈ അസുഖമുള്ള കുട്ടികളിൽ ഉയരക്കുറവ്, വളർച്ചക്കുറവ്, രോഗപ്രതിരോധശേഷിക്കുറവ്, വൃക്ക രോഗങ്ങൾ എന്നിവ ഉണ്ടാകുന്നതാണ്. വൃക്ക മാറ്റിവയ്ക്കാത്ത അവസ്ഥയിൽ ശരാശരി 9 വയസ്സ് വരെ മാത്രമാണ് ഇത്തരം അസുഖമുള്ള കുട്ടികളുടെ ആയുസ്സ്. ഇത്തരം കുട്ടികളിൽ സാധാരണഗതിയിൽ വൃക്ക മാറ്റിവച്ചാൽ പോലും ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനവും മാറ്റിവയ്ക്കപ്പെട്ട അവയവവും തമ്മിലുള്ള പൊരുത്തക്കേടുകൾ മൂലം ശരീരം അവയവത്തെ നിരസിക്കാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിക്കാതിരിക്കാനായി ദീർഘകാലം ആന്റി റിജക്ഷൻ മരുന്നുകൾ കഴിക്കേണ്ടതായി വരും.
അദിതിക്ക് നടത്തിയ റിജെക്ഷൻ ഫ്രീ ശസ്ത്രക്രിയയുടെ ആദ്യഘട്ടത്തിൽ അമ്മ ദിവ്യയിൽ നിന്നുള്ള സ്റ്റെം സെല്ലുകൾ ഉപയോഗിച്ച് മജ്ജ മാറ്റിവയ്ക്കൽ നടത്തി. ഈ മജ്ജ മാറ്റിവെക്കലിലൂടെ അദിതിയുടെ രോഗപ്രതിരോധ സംവിധാനം പുനർനിർമ്മിച്ചു. തുടർന്ന് ആറുമാസത്തിനു ശേഷമാണ് വൃക്ക മാറ്റിവെക്കൽ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഒരു മാസത്തിനുള്ളിൽ തന്നെ അദിതിക്ക് പൂർണ്ണ ആരോഗ്യത്തിലേക്ക് എത്താനായി. യുകെയിലെ ആദ്യത്തെ റിജെക്ഷൻ ഫ്രീ വൃക്ക ശസ്ത്രക്രിയ പൂർണ്ണമായും വിജയകരമായിരുന്നുവെന്ന് ഗോഷിലെ കുട്ടികളുടെ വൃക്കരോഗ വിദഗ്ധൻ പ്രൊഫ.സ്റ്റീഫൻ മാർക്ക്സ് വ്യക്തമാക്കി.
Discussion about this post