നിങ്ങളുടെ വീട്ടിലെ അടുക്കളയിൽ ഉപയോഗിക്കുന്ന കട്ടിംഗ് ബോർഡിന്റെ മെറ്റീരിയൽ ഏതാണെന്നറിയാമോ? വീട്ടിലെ അസുഖങ്ങൾക്ക് പലപ്പോഴും സുരക്ഷിതമല്ലാത്ത കട്ടിംഗ് ബോർഡ് കാരണമാകാം. വിപണിയിൽ ലഭ്യമായിട്ടുള്ള പല കട്ടിംഗ് ബോർഡുകളും സുരക്ഷിതമല്ലെന്നും നീണ്ട ഉപയോഗത്തിലൂടെ മാരക വിഷവസ്തുക്കൾ പുറപ്പെടുവിക്കുന്നതാണെന്നും പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. പ്ലാസ്റ്റിക്, ഫൈബർ, മരം എന്നീ മെറ്റീരിയലുകൾ ഓരോന്നിനും അതിന്റേതായ ദോഷങ്ങൾ ഉണ്ട്. ഇതേക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയില്ലെങ്കിൽ കട്ടിംഗ് ബോർഡ് വഴി പല മാരക രോഗങ്ങൾ പോലും പിടികൂടാം.
ഹാനികരമായ രാസവസ്തുക്കൾ, ഫോർമാൽഡിഹൈഡ് അധിഷ്ഠിത പശകൾ എന്നിവയെല്ലാം ഉപയോഗിച്ചാണ് പലപ്പോഴും കട്ടിംഗ് ബോർഡുകൾ നിർമ്മിക്കപ്പെടുന്നത്. എന്നാൽ പലപ്പോഴും ആകർഷകമായ വിവരണങ്ങൾ നൽകിയാണ് ഇവ വിറ്റഴിക്കപ്പെടുന്നത്. നിങ്ങളുടെ കട്ടിംഗ് ബോർഡ് ആന്റിമൈക്രോബയൽ, ആൻറി ബാക്ടീരിയൽ അല്ലെങ്കിൽ ദുർഗന്ധം ഉണ്ടാകാത്തത് ആണെന്ന് അവകാശപ്പെടുന്നുവെങ്കിൽ, അതിൽ മൈക്രോബാൻ എന്ന രാസവസ്തു അടങ്ങിയിരിക്കുന്നു എന്നാണ് അർത്ഥം. ബാക്ടീരിയകളെ പ്രതിരോധിക്കുന്ന രാസവസ്തുവായ ട്രൈക്ലോസന്റെ മിശ്രിതമാണ് മൈക്രോബാൻ. ഇവ ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്നത് തീർത്തും ഹാനികരമാണ്.
പ്ലാസ്റ്റിക് കട്ടിംഗ് ബോർഡുകളിൽ ഫ്താലേറ്റസ് , DEHA, ബിസ്‌ഫെനോൽസ് തുടങ്ങിയ രാസവസ്തുക്കൾ അടങ്ങിയിരിക്കാം. പലപ്പോഴും പ്ലാസ്റ്റിക് വസ്തുക്കളുടെ നിർമ്മാണത്തിൽ ഉപയോഗിക്കുന്നവയാണ് ഇവ. കട്ടിംഗ് ബോർഡുകളിൽ പോറലുകൾ ഉണ്ടാവുന്നത് വഴി ഇവ ഭക്ഷണ വസ്തുക്കളിലേക്ക് കടന്നു കയറും. പല പഠനങ്ങളിലും പ്ലാസ്റ്റിക് കട്ടിംഗ് ബോർഡുകളിലെ ബാക്ടീരിയയുടെ അളവ്, തടി കൊണ്ടുള്ള ബോർഡുകളിലെ ബാക്ടീരിയയുടെ അളവിനേക്കാൾ വളരെ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
തടി കൊണ്ടുള്ള കട്ടിംഗ് ബോർഡുകൾ ചൂടുവെള്ളത്തിൽ കഴുകി അണുവിമുക്തമാക്കാം എന്നുള്ളത് ഏറെ പ്രയോജനപ്രദമാണ്. എന്നാൽ പ്ലാസ്റ്റിക് കൊണ്ടുള്ള കട്ടിംഗ് ബോർഡുകളിൽ ചൂടുള്ള വെള്ളമോ മറ്റു വസ്തുക്കളോ വീഴുന്നത് പ്ലാസ്റ്റിക്കിൽ അടങ്ങിയിരിക്കുന്ന മറ്റു പല രാസവസ്തുക്കളും കൂടെ പുറത്തേക്കു വമിക്കുന്നതിന് കാരണമാകും. ഇത് കൂടുതൽ ഹാനികരവും ശരീരത്തിന് ദോഷം ചെയ്യുന്നതുമാണ്. തടി കൊണ്ടുള്ള കട്ടിംഗ് ബോർഡുകൾ മറ്റുള്ളവയെ അപേക്ഷിച്ചു ഗുണകരമാണെങ്കിലും ഇവ ഒറ്റ തടിക്കഷ്ണം ആയിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ചെറിയ തടികഷ്ണങ്ങൾ ഒട്ടിച്ചെടുക്കുന്ന തരത്തിലുള്ളവയാണെങ്കിൽ ഇവ ഒട്ടിക്കാൻ ഉപയോഗിക്കുന്ന പശ കാലക്രമേണ ബഹിർഗമിച്ച് ശരീരത്തിന് ദോഷകരം ആവുന്നതാണ്. അതിനാൽ ആരോഗ്യത്തെ സംരക്ഷിക്കാനായി കട്ടിംഗ് ബോർഡുകൾ സൂക്ഷ്മതയോടെ തിരഞ്ഞെടുക്കേണ്ടത് ഏറെ അത്യാവശ്യമാണ്.
Discussion about this post