കൊച്ചി : ആരാലും അറിയപ്പെടാതെ പോകുന്ന ഗന്ധര്‍വ്വ യോദ്ധക്കളുടെ കഥ പറയുന്ന ഗന്ധര്‍വ്വ ജൂനിയറിന്റെ ടീസര്‍ പുറത്ത്. പിറന്നാള്‍ ദിനമായ ഇന്ന് നടന്‍ ഉണ്ണി മൂകുന്ദന്‍ തന്നെയാണ് ടീസര്‍ പുറത്ത് വിട്ടത്. പതിവ് ഗന്ധര്‍വ്വ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുന്ന തരത്തിലാണ് ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ചിത്രത്തിന്റെ ‘വേള്‍ഡ് ഓഫ് ഗന്ധര്‍വ്വാസ്’ എന്ന ദൃശ്യാവിഷ്‌കാരം തയ്യാറാക്കിയിരിക്കുന്നത്.
ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിഷ്ണു അരവിന്ദ് സംവിധാനം നിര്‍വ്വഹിക്കുന്നു. പ്രവീണ്‍ പ്രഭാറാം, സുജിന്‍ സുജാതന്‍ എന്നിവര്‍ തിരക്കഥ രചിക്കുന്ന ഗന്ധര്‍വ്വ ജൂനിയറില്‍ ഉണ്ണി മുകുന്ദനാണ് മുഖ്യ കഥാപാത്രമായ ഗന്ധര്‍വ്വനാകുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായ ഗന്ധര്‍വ്വ ജൂനിയര്‍ ഉണ്ണി മുകുന്ദന്റെ ബിഗ് ബഡ്ജറ്റ് ചിത്രമായിരിക്കും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട തുടങ്ങിയ ഭാഷകളില്‍ ചിത്രമിറങ്ങുമെന്നാണ് വിവരം.
ഉണ്ണി മുകുന്ദന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് അണിയറ പ്രവര്‍ത്തകരും വേള്‍ഡ് ഓഫ് ഗന്ധര്‍വ്വ ടീസര്‍ പങ്ക് വച്ചിട്ടുണ്ട്. ക്രിസ്റ്റി സെബാസ്റ്റ്യന്‍ എഡിറ്റിങ്ങും ജെയ്ക്‌സ് ബിജോയ് സംഗീതവും നിര്‍വ്വഹിക്കുന്ന ഗന്ധര്‍വ്വ ജൂനിയര്‍, വിര്‍ച്വല്‍ പ്രൊഡക്ഷന്‍ സാങ്കേതിക വിദ്യയിലൂടെ ഏറ്റവും വലിയ ദൃശ്യ വിരുന്നായി സില്‍വര്‍ സ്‌ക്രീനില്‍ എത്തിക്കാനാണ് ലിറ്റില്‍ ബിഗ് ഫിലിംസ് ലക്ഷ്യമിടുന്നത്.
പിറന്നാള്‍ ദിനമായി ഇന്ന് മറ്റൊരു സന്തോഷ വാര്‍ത്തയും ഉണ്ണി നേരത്തെ പങ്കിട്ടിരുന്നു. സംവിധായകന്‍ രഞ്ജിത്ത് ശങ്കറുമായി ഒന്നിക്കുന്ന ജയ് ഗണേശ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബര്‍ 10ന് ആരംഭിക്കുമെന്ന് അറിയിക്കുന്ന പോസ്റ്ററാണ് താരം സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കിട്ടത്. മാളികപ്പുറത്തിന്റെ വന്‍ വിജയത്തിന് ശേഷം ഉണ്ണി മുകുന്ദന്റെ അടുത്ത സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
Discussion about this post