ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകൾ ഇന്ത്യയ്ക്ക് കൈമാറിയെന്ന വാദവുമായി കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇന്ത്യയുമായി ഇക്കാര്യങ്ങൾ സംസാരിച്ചിരുന്നു. ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ ഞങ്ങൾ തയ്യാറാണ്. നയതന്ത്ര പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. വിഷയത്തിന്റെ യഥാർത്ഥ വസ്തുത കണ്ടെത്താൻ ഇന്ത്യ സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും” ട്രൂഡോ പറയുന്നു.
എന്നാൽ ട്രൂഡോയുടെ വാദങ്ങൾ വിദേശകാര്യമന്ത്രാലയം തള്ളി. അത്തരത്തിൽ ഒരു പ്രത്യേക വിവരവും ഇന്ത്യയ്ക്ക് കാനഡ കൈമാറിയിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ച് എന്ത് പ്രത്യേക വിവരം ലഭിച്ചാലും ഇന്ത്യ അത് പരിഗണിക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിട്ടുള്ളതാണെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
അതേസമയം കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ യുഎൻ പൊതുസഭയെ അഭിമുഖീകരിക്കും. കാനഡ വിഷയത്തിലെ ഇന്ത്യയുടെ അതൃപ്തി അദ്ദേഹം ലോകരാഷ്ട്രങ്ങളെ അറിയിക്കുമെന്നാണ് സൂചന. അന്താരാഷ്ട്ര ഭീകരവാദം ചെറുക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ക്വാഡ് രാഷ്ട്രങ്ങൾ സംയുക്ത പ്രസ്താവന ഇറക്കിയിരുന്നു.
Discussion about this post