ന്യൂഡൽഹി : പുതിയ പാർലമെന്റ് മന്ദിരത്തെ ‘മോദി മൾട്ടിപ്ലക്സ്’ എന്ന് വിശേഷിപ്പിക്കണമെന്ന് കോൺഗ്രസ് എംപി ജയറാം രമേശ്. അങ്ങേയറ്റം വിശാലമായ കെട്ടിടത്തെ മോദി മാരിയറ്റ് എന്നും വിളിക്കാമെന്ന് ജയറാം രമേശ് പരിഹസിച്ചു. പഴയ കെട്ടിടം വൃത്താകൃതിയിൽ ആയിരുന്നതിനാൽ സഞ്ചാരം സുഗമമായിരുന്നു. എന്നാൽ പുതിയ കെട്ടിടത്തിൽ വഴിതെറ്റിയാൽ തിരികെ എത്താനുള്ള വഴി കണ്ടുപിടിക്കാൻ പാടാണെന്നും ജയറാം രമേശ് സൂചിപ്പിച്ചു.
പുതിയ പാർലമെന്റ് മന്ദിരം കൂടുതൽ വിശാലമായത് കാരണം എംപിമാർക്ക് പരസ്പരം കാണണമെങ്കിൽ ബൈനോക്കുലർ വച്ച് നോക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം പരിഹസിച്ചു. എംപിമാർക്ക് പരസ്പരം സംഭാഷണങ്ങൾ നടത്താൻ കഴിയുന്നില്ല. ആകെ ആശയക്കുഴപ്പമാണ്. ലോക്സഭയും രാജ്യസഭയും തമ്മിലുള്ള അകലം കൂടി. ഉപയോഗിക്കുന്നവരുമായി കൂടിയാലോചന നടത്താതെയാണ് കെട്ടിടം നിർമ്മിച്ചത്. വാസ്തുവിദ്യയ്ക്ക് ജനാധിപത്യത്തെ കൊല്ലാൻ കഴിയുമെങ്കിൽ, ഭരണഘടന മാറ്റിയെഴുതാതെ തന്നെ പ്രധാനമന്ത്രി വിജയിച്ചു. എങ്കിലും 2024ൽ ഭരണമാറ്റം ഉണ്ടായാൽ എല്ലാം ശരിയാവും എന്നും ജയറാം രമേശ് സൂചിപ്പിച്ചു.
കോൺഗ്രസ് എംപി ജയറാം രമേശിന്റേത് ദയനീയമായ ചിന്താഗതിയാണെന്ന് ബിജെപി അധ്യക്ഷൻ ജെപി നദ്ദ തിരിച്ചടിച്ചു. ഇത് കോൺഗ്രസ് പാർട്ടിയുടെ ദയനീയമായ മാനസികാവസ്ഥയാണ്. രാജ്യത്തിന്റെ വികസനം എന്ന 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളെ കോൺഗ്രസ് അപഹസിക്കുകയാണ്. ഇതാദ്യമായല്ല കോൺഗ്രസ് പാർലമെന്റ് വിരുദ്ധ നിലപാട് സ്വീകരിക്കുന്നത്. 1975-ലും അവർക്ക് ഇതേ നിലപാടായിരുന്നു പക്ഷേ അത് ദയനീയമായി പരാജയപ്പെട്ടു, എന്നും ജെപി നദ്ദ വ്യക്തമാക്കി.
Discussion about this post