ന്യൂഡൽഹി: കാനഡയിൽ നിന്നുള്ള പരിപ്പിന്റെ ഇറക്കുമതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ചേംബർ ഓഫ് ട്രേഡ് ആന്റ് ഇൻഡസ്ട്രി ( സിടിഐ ). ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന് കത്ത് നൽകി. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയെ കാനഡ പഴിക്കുന്ന സാഹചര്യത്തിലാണ് നിർണായക ആവശ്യവുമായി സിടിഐ രംഗത്ത് എത്തിയത്.
സിടിഐ ചെയർമാൻ ബ്രിജേഷ് ഗോയലാണ് കേന്ദ്രമന്ത്രിയ്ക്ക് കത്ത് നൽകിയത്. കത്തിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്‌ക്കെതിരെ രൂക്ഷ വിമർശനവും അദ്ദേഹം ഉന്നയിക്കുന്നുണ്ട്. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ നിരത്തി ഇന്ത്യയെ അപകീർത്തിപ്പെടുത്താനാണ് കാനഡയുടെ ശ്രമം. ഇത്തരം പ്രകോപനങ്ങൾക്ക് സാമ്പത്തികമായി വേണം മറുപടി നൽകാൻ. കാനഡയുടെ ഏറ്റവും വലിയ ഉപഭോക്താവാണ് ഇന്ത്യ.
23 ലക്ഷം ടൺ പരിപ്പാണ് പ്രതിവർഷം രാജ്യത്തിന് ആവശ്യം. ഇതിൽ 16 ലക്ഷം ടൺ നാം ഉത്പാദിപ്പിക്കുന്നുണ്ട്. ബാക്കിയാണ് കാനഡയിൽ നിന്നും വാങ്ങുന്നത്.
ഇറക്കുമതി നിരോധിച്ചാൽ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ ബുദ്ധിമുട്ടുമെന്നത് വാസ്തവമാണ്. എന്നാൽ ഇത് പരിഹരിക്കാനായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കാമെന്നും കത്തിൽ നിർദ്ദേശമുണ്ട്. റഷ്യ, സിംഗപ്പൂർ, തുർക്കി എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി വർദ്ധിപ്പിക്കണമെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.
കാനഡയിൽ നിന്നും വൻ തോതിൽ പരിപ്പ് വാങ്ങുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഈ സാമ്പത്തിക വർഷം 37 മില്യൺ ഡോളറിന്റെ പരിപ്പാണ് ഇന്ത്യ വാങ്ങിയത്. പരിപ്പിന്റെ ഇറക്കുമതി നിരോധിച്ചാൽ സാമ്പത്തികമായി വലിയ തിരിച്ചടിയാകും കാനഡയ്ക്ക് ഉണ്ടാകുക.
Discussion about this post