തിരുവനന്തപുരം: കേരളപ്പിറവിയുടെ ഭാഗമായി സംസ്ഥാന സർക്കാർ നടത്തുന്ന കേരളീയം പരിപാടിക്കും ഓരോ നിയമസഭാ മണ്ഡലത്തിലും മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്ന ജനസദസിനുമായി ചെലവ് വരുന്നത് 200 കോടിയിലേറെ രൂപയെന്ന് റിപ്പോർട്ട്. അഞ്ച് ലക്ഷം രൂപയിൽ കൂടുതലുള്ള ചെലവുകൾക്ക് ധനവകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കേരളീയത്തിനും ജനസദസിനും നിയന്ത്രണം ബാധകമാകില്ല. നവംബർ 18 മുതൽ 24 വരെ 149 മണ്ഡലങ്ങളിലായാണ് ജനസദസ്സ് നടക്കുക. മുഖ്യമന്ത്രിക്ക് പുറമെ എല്ലാ മന്ത്രിമാരും ഇതിന്റെ ഭാഗമാകും.
ഈ പരിപാടികൾക്ക് പണം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് അടുത്തയാഴ്ചയോടെയാണ് ഇറക്കുക. ചെലവ് കുറയ്ക്കുന്നതിന് വേണ്ടി പരമാവധി സ്‌പോൺസർമാരെ കണ്ടെത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. വകുപ്പുകൾ സ്വന്തം ഫണ്ടിൽ നിന്ന് പണമെടുത്ത് ചെലവാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സ്വകാര്യ സ്ഥാപനങ്ങൾ നടത്തുന്ന ഫെസ്റ്റിവലുകളെ മാതൃകയാക്കിയാണ് കേരളീയം നടത്താൻ ഉദ്ദേശിച്ചിരിക്കുന്നത്. അഞ്ച് ദിവസങ്ങളിലായി 25 സംവാദ പരിപാടികൾ കേരളീയത്തിൽ ഉണ്ടാകും. പുസ്തകോത്സവവും ഇതിന്റെ ഭാഗമായുണ്ടാകും. കഴിഞ്ഞ വർഷത്തെ പോലെ നിയമസഭാ വളപ്പിൽ തന്നെയാകും ഇത് നടത്തുന്നത്.
Discussion about this post