കോഴിക്കോട് : ലഹരിക്കടത്തിനു മറയായി ഭാര്യയെയും ഒപ്പം കൂട്ടി സഞ്ചരിച്ചിരുന്ന യുവാവ് പിടിയിൽ. കോഴിക്കോട് നിന്നുമാണ് ലഹരിവസ്തുക്കളുമായി ഭർത്താവിനെയും ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തത്. വടകര പതിയാരക്കര മുതലോളി വീട്ടിൽ ജിതിൻ ബാബു, ഇയാളുടെ ഭാര്യ സ്റ്റെഫി എന്നിവരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവരിൽ നിന്നും 96.4 4 ഗ്രാം എംഡിഎംഎയും പിടികൂടിയിട്ടുണ്ട്.
ലഹരി വില്പന നടത്തുമ്പോൾ പോലീസിന് സംശയം തോന്നാതിരിക്കാൻ ആണ് ഇയാൾ ഭാര്യയെ സ്ഥിരമായി ഒപ്പം കൂട്ടിയിരുന്നത്. കണ്ണൂർ, കോഴിക്കോട് ഭാഗങ്ങളിൽ ആയിരുന്നു ഇയാൾ ലഹരി വില്പന നടത്തിയിരുന്നത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇയാളെയും ഭാര്യയെയും പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്ന് കഴിഞ്ഞദിവസം രാത്രി ബംഗളൂരുവിൽ നിന്നും എംഡിഎംഎയുമായി കോഴിക്കോട്ടേക്ക് വരുമ്പോഴായിരുന്നു ദമ്പതികളെ പിടികൂടിയത്.
ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക്സ് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും പോലീസും ചേർന്നാണ് ലഹരിക്കടത്ത് നടത്തിയിരുന്ന ദമ്പതികളെ പിടികൂടിയത്. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Discussion about this post