ഉണങ്ങി പോയ കുറെ മരങ്ങൾ മാത്രമേ ഉള്ളൂ എങ്കിലും നമീബിയയിലെ ഡെഡ്വ്ലെയ് സഞ്ചാരികൾക്ക് ഒരു സ്വപ്നഭൂമിയാണ്. പല ഇന്ത്യൻ സിനിമകളിലെ ഗാനരംഗങ്ങളിലും നമ്മൾ ഈ സ്ഥലം കണ്ടിട്ടുണ്ടാകും. ചുറ്റും ചുവന്ന മൺകൂനകൾക്കുള്ളിലായി ഉണങ്ങിയ മരങ്ങൾ നിറഞ്ഞ ഒരു വെളുത്ത മരുപ്രദേശം. ഏതെങ്കിലും ഒരു ലാൻഡ്സ്കേപ്പ് പെയിന്റിംഗ് കലാകാരന്റെ ഭാവനയിൽ വിരിഞ്ഞ സൃഷ്ടി ആയിരിക്കും എന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന ഒരു സ്ഥലം. ഇന്ന് ധാരാളം സഞ്ചാരികളാണ് ഈ വൃക്ഷങ്ങളുടെ ശ്മശാന ഭൂമി കാണാനായി എത്തുന്നത്. ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലം ആയാണ് പല യാത്രാ മാസികകളും ഈ സ്ഥലത്തെ വിശേഷിപ്പിക്കുന്നത്.
മനോഹരമായ മൺകൂനകളും ഉണങ്ങിയ മരങ്ങളും എല്ലാം കൊണ്ട് ഫോട്ടോഗ്രാഫർമാരുടെ സ്വർഗ്ഗ ഭൂമിയാണ് ഡെഡ്‌വ്‌ലെയ്. കണ്ണെത്താദൂരം നീണ്ടു പരന്നു കിടക്കുന്ന കളിമൺതിട്ടയും അതിലെ ഉണങ്ങിയ മരങ്ങളും ചുറ്റുമായി നല്ല ചുവന്നമണ്ണിന്റെ കുന്നുകളും ഒക്കെയായി ശരിക്കും ഒരു ചിത്രം പോലെ മനോഹരമാണ് ഇവിടം. നമീബിയയിലെ നമീബ്-നൗക്‌ലഫ്റ്റ് പാർക്കിനുള്ളിൽ സോസുസ്‌വ്ലെയിയിലാണ് ഈ മനോഹര ഭൂപ്രദേശം സ്ഥിതി ചെയ്യുന്നത്.ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ മണൽക്കൂനകളാൽ ചുറ്റപ്പെട്ടതാണ് ഡെഡ് വ്ലെയ് എന്ന ഈ പ്രദേശം.
പണ്ടെപ്പോഴോ കനത്ത മഴയെത്തുടർന്ന് ത്സൗചാബ് നദിയിൽ വെള്ളപ്പൊക്കം ഉണ്ടായപ്പോൾ ഇവിടെയൊരു കളിമൺ ചതുപ്പ് രൂപപ്പെട്ടു എന്നാണ് പറയുന്നത്. ആ ചതുപ്പിൽ ധാരാളമായി അക്കേഷ്യ എറിയോലോബ മരങ്ങൾ വളർന്നു. എന്നാൽ കാലാവസ്ഥ മാറിയപ്പോൾ, വരൾച്ച ഈ പ്രദേശത്തെ ബാധിച്ചു. മണൽത്തിട്ടകൾ കാരണം നദീജലവും ഇങ്ങോട്ടേക്ക് ഒഴുകിയെത്തിയില്ല. ഇതോടെ വെള്ളമില്ലാത്തതിനാൽ മരങ്ങൾ ഉണങ്ങുകയായിരുന്നു എന്നാണ് ഈ പ്രദേശത്തിന്റെ സവിശേഷതയായി പറയുന്നത് . കടുത്ത വെയിലേറ്റ് കരിഞ്ഞുണങ്ങിയതിനാൽ ഈ മരങ്ങളെല്ലാം ഇപ്പോൾ കറുത്തിരിക്കുന്ന രീതിയിലാണുള്ളത്. ജലാംശം ഇല്ലാത്തതിനാലും മരം വളരെയേറെ ഉണങ്ങിയതിനാലും അവ ദ്രവിക്കാതെ ഇപ്പോഴും നിലനിൽക്കുന്നു. ഏതാണ്ട് 900 വർഷത്തോളം പഴക്കമുള്ള വൃക്ഷഫോസിലുകളാണ് ഈ മരങ്ങൾ. ഇത്രയേറെ വർഷങ്ങൾ നിലനിന്നുവെങ്കിലും ഇപ്പോൾ സഞ്ചാരികളുടെ ബാഹുല്യം ഈ പ്രദേശത്തിനും മരങ്ങൾക്കും ദോഷം വരുത്തുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.
Discussion about this post