പട്‌ന: കോടതിയിൽ ഹാജരാക്കാനായി കൊണ്ടുപോകുന്ന വഴി പ്രതി മാധ്യമങ്ങളോട് സംസാരിച്ചതിന് ബീഹാറിൽ നാലു പോലീസുകാരെ സസ്പെൻഡ് ചെയ്തു. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന യൂട്യൂബർ മനീഷ് കശ്യപിനെ കോടതിയിൽ ഹാജരാക്കുന്നതിനിടയിലാണ് സംഭവമുണ്ടായത്.
പോലീസുകാർ അനുമതി നൽകിയതിനെ തുടർന്നാണ് പ്രതിമാധ്യമങ്ങളോട് സംസാരിച്ചത് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഉൾപ്പെടെയുള്ള നാല് പോലീസ് ഉദ്യോഗസ്ഥരെയാണ് സസ്‌പെൻഡ് ചെയ്തത്. എസ്കോർട്ട് സംഘത്തിലുണ്ടായിരുന്ന പോലീസുകാരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്ന് പാട്ന എസ്എസ്പി രാജീവ് മിശ്ര വ്യക്തമാക്കി.
തമിഴ്‌നാട്ടിൽ ബീഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ എന്ന പേരിൽ ‘വ്യാജ വീഡിയോ’ നിർമ്മിച്ചതിനാണ് യൂട്യൂബർ മനീഷ് കശ്യപിനെ അറസ്റ്റ് ചെയ്തിരുന്നത്. ഈ വർഷം മാർച്ചിൽ അറസ്റ്റിലായ മനീഷ് ആദ്യം തമിഴ്നാട്ടിലെ ജയിലിൽ ആയിരുന്നു കഴിഞ്ഞിരുന്നത്. നിലവിൽ പട്‌നയിലെ ബ്യൂർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് മനീഷ് കശ്യപ്.
Discussion about this post