വഡോദര : രണ്ടുദിവസത്തെ ഗുജറാത്ത് പര്യടനത്തിനായി എത്തിയിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇത്തവണ സ്ത്രീകളുടെ നേതൃത്വത്തിൽ വൻ വരവേൽപ്പാണ് ലഭിച്ചത്. വഡോദരയിൽ നടന്ന നാരി ശക്തി വന്ദൻ അഭിനന്ദൻ കാര്യക്രമത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.
വർഷങ്ങളായി സ്ത്രീകളുടെ വികസനം അവഗണിക്കുന്ന പ്രതിപക്ഷ പാർട്ടികളെ പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചു. മുത്തലാഖ് പോലുള്ള പ്രശ്‌നങ്ങളിൽ പരിഹാരം കണ്ട് മുസ്ലീം സ്ത്രീകളെ ശാക്തീകരിക്കുന്നതിൽ തന്റെ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് മോദി വ്യക്തമാക്കി.
മുസ്ലീം സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രതിപക്ഷം പതിറ്റാണ്ടുകളായി യാതൊരു സമീപനവും സ്വീകരിച്ചില്ല എന്ന് മോദി വ്യക്തമാക്കി. ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്കായി മൂന്നിലൊന്ന് സീറ്റുകൾ സംവരണം ചെയ്യുന്ന വനിതാ സംവരണ ബിൽ പാസാക്കിയതിനെ പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു.
“സ്ത്രീകൾക്കുള്ള ടോയ്‌ലറ്റിനെക്കുറിച്ച് സംസാരിച്ചപ്പോഴും സ്ത്രീകൾക്കുള്ള ജൻധൻ അക്കൗണ്ടുകളെ കുറിച്ച് സംസാരിച്ചപ്പോഴും എന്നെ പ്രതിപക്ഷം പരിഹസിക്കുകയായിരുന്നു. സ്ത്രീകൾക്കായുള്ള ഉജ്ജ്വല യോജനയെയും അവർ പരിഹസിച്ചു. മുത്തലാഖിനെതിരായ നിയമത്തെയും പ്രതിപക്ഷ പാർട്ടികൾ എതിർക്കുകയാണ്” എന്നും മോദി രൂക്ഷമായി വിമർശിച്ചു.
“പതിറ്റാണ്ടുകളോളം ഭരിച്ചിട്ടും പ്രതിപക്ഷത്തിന് മുസ്‌ലിം സ്ത്രീകളെ മുത്തലാഖിൽ നിന്ന് മോചിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ ആയില്ല . മുസ്ലീം സ്ത്രീകളുടെ അവകാശങ്ങളെക്കാൾ വോട്ട് ബാങ്കിനെക്കുറിച്ചാണ് പ്രതിപക്ഷത്തിന് ആശങ്ക. സ്ത്രീകളുടെ അവകാശങ്ങളെക്കാൾ കൂടുതൽ രാഷ്ട്രീയ സമവാക്യങ്ങൾക്ക് മാത്രമാണ് പ്രതിപക്ഷം പ്രാധാന്യം നൽകുന്നത് ” എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വിമർശിച്ചു.
Discussion about this post