ലക്‌നൗ: ഉത്തർപ്രദേശിൽ വീടിന് മുൻപിൽ പാകിസ്താൻ പതാക സ്ഥാപിച്ച പിതാവും മകനും അറസ്റ്റിൽ. മൊറാദാബാദ് സ്വദേശികളായ റയീസ് , മകൻ സൽമാൻ എന്നിവരാണ് അറസ്റ്റിലായത്. വസതിയ്ക്ക് മുൻപിൽ ഇരുവരും ചേർന്ന് പാകിസ്താൻ പതാക സ്ഥാപിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി പ്രദേശവാസികൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഭഗത്പൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലെ അലിഗഞ്ച് ബുധൻപൂർ ഗ്രാമത്തിലാണ് ഇവർ താമസം. ഇവിടുത്തെ വീടിന് മുകളിലായി ഇരുവരും ചേർന്ന് പാകിസ്താൻ പതാക സ്ഥാപിക്കുകയായിരുന്നു. റയീസിനെയും സൽമാനെയും പതിവില്ലാതെ വീടിന് മുകളിൽ കണ്ട പ്രദേശവാസികൾ ശ്രദ്ധിച്ചപ്പോഴാണ് പതാക ഉയർത്തുന്നത് കണ്ടത്. പതാക അഴിച്ചുമാറ്റാൻ പ്രദേശവാസികൾ പറഞ്ഞെങ്കിലും ഇരുവരും ചെവിക്കൊണ്ടില്ല. മാത്രമല്ല ആളുകളോട് കയർത്ത് സംസാരിക്കുകയും ചെയ്തു. ഇതോടെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ് പോലീസ് ഉടൻ സ്ഥലത്ത് എത്തി. തുടർന്ന് അറസ്റ്റ് ചെയ്തുകൊണ്ടുപോകുകയായിരുന്നു.
ഗ്രാമത്തിൽ തുണി വ്യാപാരം ചെയ്താണ് ഇരുവരും ഉപജീവനം നടത്തുന്നത്. ഇവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി പോലീസ് കേസ് എടുത്തു. സംഭവത്തിൽ ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇവർ പാകിസ്താൻ പതാക ഉയർത്താനുണ്ടായ സാഹചര്യത്തെക്കുറിച്ചാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. ഇവർക്ക് ഭീകര ബന്ധമുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
അതേസമയം വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിരവധി പേരാണ് സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയത്.
https://twitter.com/ajaychauhan41/status/1707063573825142987
Discussion about this post