തൃശൂർ : കരുവന്നൂർ തട്ടിപ്പ് കേസിൽ ഇ ഡി കസ്റ്റഡിയിലുള്ള സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി ആര്‍ അരവിന്ദാക്ഷൻ അമ്മയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് വഴി ലക്ഷങ്ങളുടെ ഇടപാട് നടത്തിയതായി കണ്ടെത്തി. ഇ ഡി റിമാൻഡ് റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. അരവിന്ദാക്ഷന്റെ 90 വയസുള്ള അമ്മയുടെ പേരില്‍ പെരിങ്ങണ്ടൂര്‍ ബാങ്കിലുള്ള അക്കൗണ്ടിലൂടെയാണ് ലക്ഷങ്ങളുടെ ഇടപാടുകൾ നടത്തിയിരിക്കുന്നത്.
മാസംതോറും ലഭിക്കുന്ന 1600 രൂപ പെൻഷൻ മാത്രം ആണ് അരവിന്ദാക്ഷന്റെ അമ്മയുടെ ഏക വരുമാന മാർഗ്ഗം. എന്നാൽ ഇപ്പോൾ ഈ അക്കൗണ്ടിൽ ഉള്ളത് 63 ലക്ഷത്തോളം രൂപയാണ്. മറ്റൊരു പ്രധാനപ്പെട്ട കാര്യം അരവിന്ദാക്ഷന്റെ അമ്മയുടെ ഈ ബാങ്ക് അക്കൗണ്ടിൽ നോമിനിയായി വച്ചിരിക്കുന്നത് കരുവന്നൂർ കേസിലെ മുഖ്യപ്രതിയായ സതീഷ് കുമാറിന്റെ സഹോദരൻ ശ്രീജിത്തിനെയാണ്. അരവിന്ദാക്ഷന് പല ഉന്നതരുമായും അടുത്ത ബന്ധം ഉണ്ടെന്നും ഇ ഡി റിപ്പോർട്ട് സൂചിപ്പിക്കുന്നു.
വസ്തുവിൽപ്പനയുമായി ബന്ധപ്പെട്ട് അരവിന്ദാക്ഷനും സതീഷും ചേർന്ന് നടത്തിയ ദുബായ് യാത്രയെക്കുറിച്ച് ഇ ഡി കൂടുതൽ അന്വേഷണങ്ങൾ നടത്തുന്നുണ്ട്. അരവിന്ദാക്ഷന്റെ ഭാര്യയുടെ പേരിലുള്ള വസ്തു 85 ലക്ഷം രൂപയ്ക്കാണ് വിദേശ മലയാളിയായ അജിത് മേനോന് വിൽപ്പന നടത്തിയത്. ഈ വസ്തു വാങ്ങാനായി അരവിന്ദാക്ഷന് എവിടെ നിന്നാണ് പണം ലഭിച്ചതെന്നുള്ളതിനെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഇ ഡി പറയുന്നു. അന്വേഷണവുമായി അരവിന്ദാക്ഷൻ സഹകരിക്കുന്നില്ലെന്നും ഇ ഡി കോടതിയിൽ അറിയിച്ചു.
Discussion about this post