തിരുവനന്തപുരം : കനത്ത മഴ പെയ്യുന്നതിനിടയിൽ കുട്ടികളുടെ കായിക മത്സരം നടത്തിയത് വിവാദമാകുന്നു. കാട്ടാക്കടയിലാണ് കനത്ത മഴ പെയ്യുന്നതിനിടയിൽ മത്സരങ്ങൾക്കായി കുട്ടികളെ ഗ്രൗണ്ടിൽ ഇറക്കിയത്. കാട്ടാക്കടയിൽ നടക്കുന്ന സബ് ജില്ലാ കായികമേളയിലാണ് കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിന്റെ ഈ ക്രൂരത അരങ്ങേറിയത്.
ഓട്ടമത്സരം അടക്കമുള്ള കായിക മത്സരങ്ങൾ പെരുംമഴയിൽ വഴുതുന്ന ട്രാക്കിലും നനഞ്ഞ ഗ്രൗണ്ടിലുമായാണ് നടത്തിയത്. അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളാണ് ഈ മത്സരങ്ങളിൽ പങ്കെടുത്തിരുന്നത്. പെരുമഴയത്ത് നനഞ്ഞ വസ്ത്രങ്ങളോടെ തണുത്ത് വിറച്ചാണ് കുട്ടികൾ കായിക മത്സരങ്ങളിൽ പങ്കെടുത്തത്. സംഭവത്തിനെതിരെ കടുത്ത പ്രതിഷേധവുമായി ഇപ്പോൾ രക്ഷിതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
മൈലത്തുള്ള ജിവി രാജാ സ്പോർട്സ് സ്കൂളിന്റെ ഗ്രൗണ്ടിൽ ആയിരുന്നു സബ്ജില്ലാ കായികമേളയിലെ മത്സരങ്ങൾ നടത്തിയത്. ഈ ഗ്രൗണ്ട് പിന്നീട് കിട്ടില്ല എന്ന കാരണം പറഞ്ഞാണ് ഇന്ന് തന്നെ പെരുമഴയത്ത് മത്സരങ്ങൾ നടത്തിയത്. കുട്ടികളുടെ കായികക്ഷമത പരിശോധിക്കനായി നടത്തുന്ന കായിക മത്സരങ്ങൾക്ക് ഇത്തരത്തിൽ വഴുതുന്ന ട്രാക്കും മറ്റും ഉപയോഗിച്ചതിലൂടെ വലിയ അപകടം ക്ഷണിച്ചു വരുത്തുന്ന നടപടിയാണ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. അഞ്ചാം തീയതി നടക്കുന്ന റവന്യൂ ജില്ലാ മത്സരങ്ങൾക്ക് മുൻപായി തന്നെ സബ്ജില്ലാ മത്സരങ്ങൾ നടത്തേണ്ടതുണ്ടെന്ന കാരണമാണ് സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് നൽകുന്നത്.
Discussion about this post