ന്യൂഡൽഹി : സെൻസർ ബോർഡിനെതിരായി തമിഴ് നടൻ വിശാൽ വെളിപ്പെടുത്തിയ അഴിമതി ആരോപണത്തിൽ ഇടപെടലുമായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം. വിശാലിന്റെ ആരോപണം അന്വേഷിച്ച് കർശന നടപടിയെടുക്കുമെന്ന് I&B മന്ത്രാലയം എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു. ഒരു മുതിർന്ന ഉദ്യോഗസ്ഥൻ മുംബൈയിലെത്തി കാര്യങ്ങൾ വിശദമായി അന്വേഷിക്കുമെന്ന് മന്ത്രാലയം ഉറപ്പ് നൽകി.
മുംബൈയിലെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനെതിരായാണ് വിശാൽ ആരോപണം ഉന്നയിച്ചിരിക്കുന്നത്. വിശാലിന്റെ പുതിയ ചിത്രമായ മാർക്ക് ആന്റണിയുടെ ഹിന്ദി പതിപ്പ് സെൻസർ ചെയ്യാനായി ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം. സിനിമ പ്രദർശിപ്പിക്കുന്നതിനും U/A സർട്ടിഫിക്കറ്റ് നൽകുന്നതിനും പകരമായി 6.5 ലക്ഷം രൂപ സിബിഎഫ്‌സി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതായി വിശാൽ വെളിപ്പെടുത്തിയിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സെൻസർ ബോർഡിലെ സ്ഥിതിഗതികൾ അന്വേഷിക്കണമെന്നും വിശാൽ അഭ്യർത്ഥിച്ചിരുന്നു.
സെൻസർ ബോർഡിലെ അഴിമതി വിഷയം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കി. “അഴിമതിയോട് കേന്ദ്ര സർക്കാരിന് യാതൊരു സഹിഷ്ണുതയും ഇല്ല. ഉൾപ്പെട്ടിരിക്കുന്നവർക്കെതിരെ കർശനമായ നടപടിയെടുക്കും. ഇന്ന് തന്നെ അന്വേഷണത്തിനായി ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ മുംബൈയിലേക്ക് നിയോഗിച്ചിട്ടുണ്ട്. സെൻസർ ബോർഡിനെ കുറിച്ച് ഇത്തരത്തിൽ മറ്റേതെങ്കിലും സംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ടെങ്കിൽ മന്ത്രാലയത്തെ അറിയിക്കുകയും സഹകരിക്കുകയും ചെയ്യണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു.” എന്നാണ് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചിട്ടുള്ളത്.
Discussion about this post