കോട്ട: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിന്റെ രാജസ്ഥാൻ സന്ദർശനത്തിനെതിരെ എതിർപ്പ് പ്രകടിപ്പിച്ച മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. സംസ്ഥാനത്തിന്റെ വികസനത്തിന് അശോക് ഗെഹ്ലോട്ടിന് യാതൊരു താത്പര്യവും ഇല്ലെന്ന് മുരളീധരൻ പരിഹസിച്ചു. ജഗ്ദീപ് ധൻഖർ രാജസ്ഥാന്റെ മകനും ഒരു കർഷകനുമാണെന്ന് ചൂണ്ടിക്കാട്ടിയ മുരളീധരൻ, രാഷ്ട്രപതിയുടേയും ഉപരാഷ്ട്രപതിയുടേയും സന്ദർശനം ഏത് സംസ്ഥാനത്തിനും ഗുണം ചെയ്യുമെന്നും അതിൽ രാഷ്ട്രീയമില്ലെന്നും ചൂണ്ടിക്കാട്ടി.
” അശോക് ഗെഹ്ലോട്ട് എന്തിനാണ് ഇത്തരമൊരു വിഷയത്തിൽ എതിർപ്പ് പ്രകടിപ്പിക്കുന്നതെന്ന് ഞാൻ അത്ഭുതപ്പെടുകയാണ്. സംസ്ഥാനത്തിന്റെ വികസനത്തിലും പുരോഗതിയിലും മുഖ്യമന്ത്രിക്ക് താൽപ്പര്യമില്ലെന്ന ഇത് വ്യക്തമാക്കുന്നത്. അദ്ദേഹം ഇവിടെ എത്തുന്നതിനെ എതിർക്കുന്നതിന് പകരം സ്വാഗതം ചെയ്യുകയാണ് വേണ്ടതെന്നും” മുരളീധരൻ പറയുന്നു.
ഉപരാഷ്ട്രപതി കഴിഞ്ഞ ദിവസം സംസ്ഥാനത്തെ അഞ്ച് ജില്ലകൾ സന്ദർശിച്ചുവെന്നും, അത് എന്തിനാണെന്നുമാണ് അശോക് ഗെഹ്ലോട്ട് കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ഒരു റാലിയെ അഭിസംബോധന ചെയ്ത് കൊണ്ട് ചോദിച്ചത്. ഇതിനെതിരെയായിരുന്നു മുരളീധരന്റെ വിമർശനം. രാജസ്ഥാനിൽ പാസ്‌പോർട്ട് സേവാ കേന്ദ്രവും മുരളീധരൻ ഉദ്ഘാടനം ചെയ്തു.
2014ൽ 77 പാസ്പോർട്ട് കേന്ദ്രങ്ങൾ മാത്രമാണ് രാജ്യത്ത് ഉണ്ടായിരുന്നതെന്നും ഒമ്പത് വർഷത്തിനുള്ളിൽ അത് 500 ആയി ഉയർന്നുവെന്നും മുരളീധരൻ പറഞ്ഞു. എല്ലാ രാജ്യക്കാർക്കും എളുപ്പത്തിൽ പാസ്പോർട്ട് സേവനങ്ങൾ ലഭ്യമാക്കാൻ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post