ചെന്നൈ : തമിഴ് നടന്‍ വിശാലിന്റെ ഏറ്റവും പുതിയ ചിത്രമായ മാര്‍ക്ക് ആന്റണിയുടെ ഹിന്ദി പതിപ്പിന് സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് ലഭിക്കാന്‍ കൈക്കൂലി നല്‍കേണ്ടി വന്നു എന്ന താരത്തിന്റെ വെളിപ്പെടുത്തലില്‍ നടപടിയെടുത്ത് കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം. സംഭവത്തിന് പിന്നിലുള്ളവരെ എത്രയും വേഗം പുറത്ത് കൊണ്ടു വരാന്‍ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. തന്റെ പരാതിയില്‍ ഉടനടി നടപടി സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ച് രംഗത്തത്തിയിരിക്കുകയാണ് വിശാല്‍.
“മുംബൈ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കറ്റില്‍ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച സുപ്രധാന വിഷയങ്ങളില്‍ അടിയന്തരനടപടികള്‍ സ്വീകരിച്ചതിന് വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയത്തോടും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി”, വിശാല്‍ പറഞ്ഞു. തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് അദ്ദേഹം പ്രധാനമന്ത്രിക്ക് നന്ദിയര്‍പ്പിച്ചത്. പ്രധാനമന്ത്രിയെ കൂടാതെ മഹാരാഷ്ട്ര മുഖ്യമന്ത്രി എക്‌നാഥ് ഷിന്‍ഡേയ്ക്കും വിശാല്‍ നന്ദിയറിയിച്ചു.
അഴിമതിക്കാരോ അഴിമതി നടത്താന്‍ ഉദ്ദേശിക്കുന്നവരോ ആയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇതൊരു ഉദാഹരണമായെടുക്കണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നേരായ വഴിയിലൂടെ രാജ്യത്തെ സേവിക്കണമെന്നും അഴിമതിയുടെ പടവുകള്‍ തിരഞ്ഞെടുക്കരുതെന്നും വിശാല്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേ എന്നിവരോടുള്ള നന്ദിയും വിശാല്‍ പ്രകടിപ്പിക്കുന്നുണ്ട്. അഴിമതിക്ക് ഇരയായ ആളുകള്‍ക്ക് നീതി ലഭിക്കുമെന്നത് തന്നെപ്പോലുള്ള ഒരു സാധാരണക്കാരന് സംതൃപ്തി നല്‍കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് വിശാല്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഈ മാസം 28-ാം തീയതിയാണ് സെന്‍സര്‍ ബോര്‍ഡിനെതിരെ വിശാല്‍ കൈക്കൂലി ആരോപണമുന്നയിച്ചത്. മാര്‍ക്ക് ആന്റണി എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ആറര ലക്ഷം രൂപ കൈക്കൂലി കൊടുത്തുവെന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് വിശാല്‍ സംഭവം പുറത്ത് പറഞ്ഞത്. ഈ പോസ്റ്റില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വിശാല്‍ ടാഗും ചെയ്തിരുന്നു. ചിത്രം റിലീസ് ചെയ്യാന്‍ മൂന്നു ലക്ഷവും യു/എ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ മൂന്നര ലക്ഷം രൂപയും താന്‍ നല്‍കിയെന്നാണ് നടന്റെ വെളിപ്പെടുത്തല്‍. പണം ട്രാന്‍സ്ഫര്‍ ചെയ്ത അക്കൗണ്ട് വിവരങ്ങളും വിശാല്‍ പുറത്തുവിട്ടിരുന്നു.
വെള്ളിത്തിരയില്‍ അഴിമതി കാണിക്കുന്നത് കുഴപ്പമില്ല. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ ശരിയല്ല. ഇത് അംഗീകരിക്കാനാകില്ല, പ്രത്യേകിച്ച് സര്‍ക്കാര്‍ ഓഫീസുകളില്‍. അതിലും മോശമായത് സിബിഎഫ്‌സി മുംബൈ ഓഫിസില്‍ സംഭവിച്ചു. എന്റെ ചിത്രം മാര്‍ക്ക് ആന്റണിയുടെ ഹിന്ദി പതിപ്പിന് 6.5 ലക്ഷം രൂപ നല്‍കേണ്ടിവന്നു. രണ്ട് ഇടപാടുകള്‍ നടത്തി. സ്‌ക്രീനിങ്ങിന് മൂന്ന് ലക്ഷവും സര്‍ട്ടിഫിക്കറ്റിനായി 3.5 ലക്ഷവും നല്‍കി. എന്റെ കരിയറില്‍ ഒരിക്കലും ഇത്തരമൊരു അവസ്ഥ നേരിട്ടിട്ടില്ല. ഇടനിലക്കാരിക്ക് പണം കൊടുക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു എന്നായിരുന്നു വിശാലിന്റെ വീഡിയോ സന്ദേശം.
താന്‍ നല്‍കിയ പണത്തില്‍ ആര്‍ക്കൊക്കെ പങ്കുണ്ടെന്ന് അറിയില്ലെന്നും സത്യം പുറത്തുവരാന്‍ നല്‍കിയ വിലയാണ് ആറുലക്ഷമെന്നും വിശാല്‍ പറഞ്ഞു. സിനിമയില്‍ മാത്രമല്ല താന്‍ അഴിമതിക്കെതിരെ പോരാടുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.
Discussion about this post