ഹാങ്‌ഷോ; ഏഷ്യൻ ഗെയിംസിൽ പാകിസ്താന് മേൽ ഇന്ത്യയുടെ താണ്ഡവും. സ്‌ക്വാഷിലും ഹോക്കിയിലും പാകിസ്താനെ പരാജയപ്പെടുത്തിയ ഇന്ത്യ പുരുഷ വിഭാഗം സ്‌ക്വാഷിൽ എട്ട് വർഷത്തിന് ശേഷം സ്വർണമണിയുകയും ചെയ്തു.
പൂൾ എ മത്സരത്തിൽ പരമ്പരാഗത വൈരികളായ പാകിസ്താനെ 10-2 എന്ന സ്‌കോറിനാണ് ഹോക്കിയിൽ തകർത്തത്. ഇന്ത്യ പാകിസ്താന് മേൽ നേടുന്ന മികച്ച വിജയമാണിത്. ഈ വിജയത്തോടെ പുരുഷ ഹോക്കിയിൽ ഇന്ത്യ സെമിയിലേക്ക് കയറുകയും ചെയ്തു.
ക്യാപ്റ്റൻ ഹർമൻ പ്രീതിന്റെ നാല് ഗോളുകളുടെ അകമ്പടിയോടെ ആയിരുന്നു പാകിസ്താന് മേൽ ഇന്ത്യ ഗോൾവർഷം നടത്തിയത്. 11, 17, 33, 34 ാം മിനിറ്റുകളിലായിരുന്നു ഹർമൻ പ്രീത് പാകിസ്താന്റെ വല കുലുക്കിയത്. 41 ാം മിനിറ്റിലും 54 ാം മിനിറ്റിലും വരുൺ കുമാറും എതിരാളികളുടെ പോസ്റ്റിൽ ആക്രമണം നടത്തി.
മൻദീപ് സിംഗ്, സുമിത്, സംഷേർ സിംഗ്, ലളിത് കുമാർ ഉപാദ്ധ്യായ എന്നിവരും ഇന്ത്യയ്ക്ക് വേണ്ടി ഗോളുകൾ നേടി. 38 ാം മിനിറ്റിൽ മുഹമ്മദ് ഖാനും 45 ാം മിനിറ്റിൽ അബ്ദുൾ റാണയുമാണ് പാകിസ്താന് വേണ്ടി ആശ്വാസ ഗോളുകൾ നേടിയത്.
സൗരവ് ഗോഷാൽ നയിക്കുന്ന സ്‌ക്വാഷ് ടീമിന്റെ പ്രധാന എതിരാളികളായിരുന്നു മലേഷ്യയും പാകിസ്താനും. ലീഗ് റൗണ്ടിൽ പാകിസ്താനോട് പരാജയപ്പെട്ട ശേഷമാണ് ഫൈനലിൽ തോൽപിച്ച് സ്വർണമണിഞ്ഞത്. അഭയ് സിംഗ് പാകിസ്താൻ താരം നൂർ സമനെ പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യ സ്വർണമുറപ്പിച്ചത്.
Discussion about this post