ബംഗളുരു : 2021ൽ ഐഫോൺ 13 വാങ്ങിയ ബംഗളൂരു സ്വദേശിക്ക് പിന്നീട് ഈ ഫോൺ മൂലം നിരവധി ബുദ്ധിമുട്ടുകളാണ് ഉണ്ടായത്. വാങ്ങി അധികം വൈകാതെ തന്നെ ഫോണിന്റെ ബാറ്ററിയുടെയും സ്പീക്കറിന്റെയും പ്രവർത്തനം തകരാറിലായി. ഇതോടെ ഔദ്യോഗിക സർവീസ് സെന്ററിൽ ഫോൺ ഏൽപ്പിച്ചെങ്കിലും തകരാർ പരിഹരിക്കാനായില്ല. ഇതോടെ കോടതിയിൽ കേസ് നൽകിയ യുവാവിന് ഇപ്പോൾ ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ വിധി വന്നിരിക്കുകയാണ്.
ശാന്തിനഗറിലെ ബംഗളൂരു അർബൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിലാണ് തനിക്കുണ്ടായ ബുദ്ധിമുട്ടുകൾ കാണിച്ച് ബംഗളൂരു സ്വദേശിയായ ആവേസ് ഖാൻ പരാതി നൽകിയിരുന്നത്. ഐഫോൺ വാങ്ങാനായി ചിലവ് വന്ന തുകയും ആപ്പിൾ ഇന്ത്യയുണ്ടാക്കിയ ബുദ്ധിമുട്ടിനുള്ള നഷ്ടപരിഹാരവും ചേർത്താണ് കോടതി ഒരു ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്.
ഒരു വർഷത്തെ വാറന്റിയുള്ള ഫോൺ തകരാറിലായ ശേഷം ഔദ്യോഗിക സർവീസ് സെന്ററിൽ ആവേസ് ഖാൻ ഏൽപ്പിച്ചിരുന്നു. ഒരാഴ്ച കഴിഞ്ഞ് ഫോൺ ശരിയാക്കി എന്ന് അറിയിപ്പ് ലഭിച്ചെങ്കിലും സർവീസ് സെന്ററിൽ എത്തി പരിശോധിച്ചപ്പോൾ ഫോൺ പഴയതുപോലെ തന്നെ ആയിരുന്നു. തുടർന്ന് വീണ്ടും രണ്ടാഴ്ച കൂടി ഫോൺ സർവീസ് സെന്ററിൽ സൂക്ഷിച്ചശേഷം വാറന്റിക്ക് പരിധിയിൽ ഇല്ലാത്ത പ്രശ്നമാണെന്ന് അറിയിക്കുകയായിരുന്നു. ഇതോടെയാണ് യുവാവ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. ഫോണിന്റെ വിലയായി നൽകിയ 79,999 രൂപയും യുവാവിന് ഉണ്ടായ ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരമായി 20,000 രൂപയും നൽകാനാണ് കോടതി വിധിച്ചിരിക്കുന്നത്.
Discussion about this post