ആലപ്പുഴ : ചേപ്പാട് എക്സൈസിന്റെ നേതൃത്വത്തിൽ വൻ മദ്യവേട്ട. വലിയതോതിലുള്ള വ്യാജ മദ്യശേഖരമാണ് പിടികൂടിയത്. വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന 800 കുപ്പി മദ്യം എക്സൈസ് പിടികൂടി. ഈ വീട്ടിൽ വച്ച് തന്നെയായിരുന്നു ഈ മദ്യം നിർമ്മിച്ചിരുന്നത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു എക്സൈസ് പരിശോധന.
ചേപ്പാട് റെയിൽവേ സ്റ്റേഷൻ റോഡിൽ സ്ഥിതിചെയ്യുന്ന വാടകവീട് കേന്ദ്രീകരിച്ചാണ് വ്യാജമദ്യ നിർമ്മാണം നടന്നിരുന്നത്. വിൽപ്പനയ്ക്കായി തയ്യാറാക്കിയിരുന്ന അര ലിറ്ററിന്റെ എണ്ണൂറോളം കുപ്പി മദ്യമാണ് ഇവിടെ നിന്നും പിടികൂടിയത്. വ്യാജ മദ്യം നിർമ്മിച്ചതിന് ചേപ്പാട് സ്വദേശി സുധീന്ദ്ര ലാൽ പിടിയിലായിട്ടുണ്ട്.
ഹൈവേയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന വീട് കേന്ദ്രീകരിച്ച് വ്യാജമദ്യ നിർമ്മാണം നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഏതാനും ദിവസങ്ങളായി എക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു ഈ വീട്. മൂന്നുമാസങ്ങൾക്കു മുൻപാണ് സുധീന്ദ്ര ലാൽ ഈ വീട് വാടകയ്ക്ക് എടുക്കുന്നത്. തുടർന്ന് വീട് കേന്ദ്രീകരിച്ച് മദ്യനിർമ്മാണം ആരംഭിക്കുകയായിരുന്നു. വ്യാജമദ്യം നിർമ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി ഏതാനും സഹായികളും ഇയാൾക്ക് ഉണ്ടായിരുന്നു.
Discussion about this post