ഇസ്ലാമാബാദ്: ആഗോള ഭീകരനും ലഷ്‌കർ ഭീകരൻ ഹാഫിസ് സയീദിന്റെ ഭാര്യാ സഹോദരനുമായ അബ്ദുൾ റഹ്മാൻ മക്കിയെ കാണാനില്ലാത്തതായി അഭ്യൂഹം. ഇന്നലെ രാവിലെ മുതൽ ഇയാളെക്കുറിച്ച് യാതൊരു വിവരവും ഇല്ലെന്നാണ് വാർത്തകൾ. അജ്ഞാത സംഘം തട്ടിക്കൊണ്ട് പോയി എന്നാണ് പുറത്തുവരുന്ന സൂചനകൾ.
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഇയാളെ ഇന്ത്യ അന്വേഷിച്ചുവരികയാണ്. ഇതിനിടെയാണ് അജ്ഞാത സംഘം തട്ടിക്കൊണ്ട് പോയതായുള്ള അഭ്യൂഹങ്ങൾ പുറത്തുവരുന്നത്. മക്കിയുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നവരാണ് കാണാനില്ലെന്ന് വ്യക്തമാക്കുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ച ഹാഫിസ് സയീദിന്റെ മകൻ കമാലുദ്ദീനെയും സമാനമായ സാഹചര്യത്തിൽ കാണാതെ ആയിരുന്നു. പിന്നീട് ദിവസങ്ങൾക്ക് ശേഷം ഇയാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ സാഹചര്യത്തിൽ മക്കിയുടെ തിരോധാനം ഭീകര സംഘടനയിൽ വലിയ ആശങ്കയുളവാക്കിയിട്ടുണ്ട്.
ഈ വർഷം ജനുവരിയിലാണ് മക്കിയെ യുഎൻ സെക്യൂരിറ്റി കൗൺസിൽ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ ഭീകരാക്രമണങ്ങളിൽ പങ്കുള്ള ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിൽ നിന്നും ചൈന ആയിരുന്നു സംരക്ഷിച്ച് പോന്നിരുന്നത്. എന്നാൽ ഇന്ത്യയുടെ സമ്മർദ്ദത്തിന് വഴങ്ങി സുരക്ഷാ കൗൺസിൽ ആഗോള ഭീകരനായി പ്രഖ്യാപിക്കുകയായിരുന്നു.
ലഷ്‌കർ ഇ ത്വയ്ബയുടെ പ്രധാനി ആയ ഇയാളാണ് ഭീകരാക്രമണങ്ങൾക്ക് ധനസമാഹരണം നടത്തുന്നത്. മുംബൈ ഭീകരാക്രമണം, റാംപൂരിൽ സുരക്ഷാ സേനയ്ക്ക് നേരെയുണ്ടായ ഭീകരാക്രമണം, ചെങ്കോട്ടയിലുണ്ടായ ഭീകരാക്രമണം തുടങ്ങി നിരവധി ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രമായി ഇയാൾ പ്രവർത്തിച്ചിരുന്നു.
Discussion about this post