എറണാകുളം: മാതാ അമൃതാനന്ദമയിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് നടൻ മോഹൻ ലാൽ. സപ്തതിയുടെ ഭാഗമായി സംഘടിപ്പിച്ച ആഘാഷപരിപാടിയിൽ നേരിട്ട് എത്തിയായിരുന്നു അദ്ദേഹം ആശംസകൾ നേർന്നത്. അമ്മയിൽ നിന്നും മോഹൻലാൽ അനുഗ്രഹവും വാങ്ങി.
അമൃത വിശ്വവിദ്യാപീഠം ക്യാമ്പസിലാണ് സപ്തതി ആഘോഷ പരിപാടികൾ. രാവിലെ ഇവിടേയ്ക്ക് എത്തിയ മോഹൻലാൽ അമൃതാനന്ദമയിയ്ക്ക് ഹാരമർപ്പിച്ചു. ഇതിന് ശേഷം പാദപൂജ ചടങ്ങിലും പങ്കെടുത്തു. അമ്മയിൽ നിന്നും അനുഗ്രഹം വാങ്ങിയ ശേഷമായിരുന്നു നടൻ തിരികെ പോയത്.
ചൊവ്വാഴ്ച പുലർച്ചെ അഞ്ച് മണി മുതലായിരുന്നു ജന്മദിനാഘോഷ പരിപാടികൾ ആരംഭിച്ചത്. മഹാഗണപതിഹോമത്തോടൊയിരുന്നു പരിപാടികൾക്ക് തുടക്കമായത്. ഇതിന് ശേഷം സത്സംഗം, രാഹുൽ രാജും സംഘവും അവതരിപ്പിക്കുന്ന നാദാമൃതം, ഗുരുപാദപൂജ എന്നിവ നടന്നു. ഇതിന് ശേഷം ജന്മദിന സന്ദേശവും നൽകി.
25,000ത്തിലധികം പേർക്ക് ആഘോഷപരിപാടികളിൽ പങ്കെടുക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നു. അതീവ സുരക്ഷയിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ഡിഐജി ആർ നിശാന്തിനി, സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തിയത്. അതേസമയം സിനിമാ താരങ്ങൾ, രാഷ്ട്രീയ പ്രമുഖർ തുടങ്ങി നിരവധി പേരാണ് ആശംസകൾ നേർന്നത്.












