ന്യൂഡൽഹി : ജോലിക്ക് വേണ്ടി വിമാനത്തിൽ കയറുന്നതിനു മുൻപായി പൈലറ്റ്മാരും ക്രൂവും അടക്കമുള്ള ജീവനക്കാർ പെർഫ്യൂം ഉപയോഗിക്കരുതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ നിർദ്ദേശം. മൗത്ത് വാഷ്, ടൂത്ത് ജെൽ, പെർഫ്യൂം, ആൽക്കഹോൾ അടങ്ങിയ ഉത്പന്നങ്ങൾ എന്നിവ ജോലിസമയത്തോ ജോലിസമയത്തിന് തൊട്ടുമുൻപായോ ഉപയാഗിക്കാൻ പാടില്ല എന്നാണ് പുതിയ നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.
വിമാനയാത്രയ്ക്ക് മുന്നോടിയായി ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുവാനുള്ള ബ്രീത്തനലൈസർ ടെസ്റ്റിന്റെ ഫലം കൃത്യമായിരിക്കാനാണ് പെർഫ്യൂം അടക്കമുള്ള വസ്തുക്കൾ യാത്രയ്ക്ക് തൊട്ടു മുൻപ് ഉപയോഗിക്കരുതെന്ന് നിർദ്ദേശം നൽകിയിട്ടുള്ളത്. ഓരോ വിമാനയാത്രയ്ക്ക് മുൻപും ജീവനക്കാർ നിർബന്ധമായും ബ്രീത്തനലൈസർ ടെസ്റ്റിന് വിധേയരാകേണ്ടതാണ്. ഈ പരിശോധനയിൽ നെഗറ്റീവ് ഫലം വരാതിരിക്കാനാണ് യാത്രയ്ക്കു മുൻപായി പട്ടികയിൽ ഉള്ള വസ്തുക്കൾ ഉപയോഗിക്കരുതെന്ന് പറയുന്നത്.
“വിമാന ജീവനക്കാർ ജോലിയിൽ കയറുന്നതിന് തൊട്ടുമുൻപോ ജോലിക്കിടയിലോ ഏതെങ്കിലും മരുന്നോ മൗത്ത് വാഷോ ടൂത്ത് ജെല്ലോ പെർഫ്യൂമോ ആൽക്കഹോൾ അടങ്ങിയ ഉത്പന്നങ്ങളോ ഉപയോഗിക്കാൻ പാടില്ല. ഇത് ബ്രീത്ത് അനലൈസർ പരിശോധനയിൽ തെറ്റായ ഫലം ലഭിക്കാൻ കാരണമാകും. മരുന്നുകൾ കഴിക്കുന്ന ക്രൂ അംഗങ്ങൾ വിമാനയാത്ര ആരംഭിക്കുന്നതിനു മുൻപ് കമ്പനിയിലെ ഡോക്ടറെ സമീപിക്കേണ്ടതാണ്.” എന്നാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പുറത്തിറക്കിയ നിർദേശത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.
Discussion about this post